റിയാസ് മൗലവി വധക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല: മുഖ്യമന്ത്രി

Kerala

വിധി സമുഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ അന്വേഷണ സംഘത്തിന്
വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണത്തിലോ നടത്തിപ്പിലോ അപാകത ഉണ്ടായിട്ടില്ല . കോടതി വിധി ഒരിക്കലും സാഭവിക്കാൻ പാടില്ലാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് രാവിലെ സി പി ഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടുമില്ല. കേസ് നല്ല രീതിയിൽ നടത്തിയതെന്നാണ് റിയാസ് മൗലവിയുടെ കുടുംബം വ്യക്തമാക്കിയത്.

പ്രതികളെ വെറുതെ വിട്ട കോടതി വിധി സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കി. കൊലയാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന് നിയമത്തിന്റെ എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകം നടന്ന് 96 മണിക്കൂറുകൾ തികയും മുൻപ് തന്നെ, 2017 മാ‍ർച്ച് 23ന് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്ന് മുതൽ ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സർക്കാരിന്റെ കർക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. 85-ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകനെ 2017 ജൂൺ 14ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

മതസ്പർധ വളർത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നതെന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2017 ജൂൺ 15ന് ഐപിസി 153 എ കുറ്റപത്രത്തിൽ ചേർക്കാനുളള സർക്കാർ അനുമതി പത്രം നൽകി. 97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ‌ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേൽക്കോടതി ഉത്തരവുകളും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി.

എന്നാൽ വിധിക്ക് ശേഷം തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമിച്ചത്. യു എ പി എ ചുമത്താതത് എന്താണ് എന്ന് ചോദിച്ചവരോട് , യു എ പി എ യെ അനുകൂലിക്കുന്നവരാണോ ഇപ്പോൾ ഇങ്ങിനെ പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
യു എ പി എ ചുമത്താനുളള അപേക്ഷ കീഴ്ക്കോടതിക്ക് തീർപ്പാക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന ഇന്ത്യ സംഖ്യ റാലി ബി ജെ പി ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് വിശദീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പത്ര സമ്മേളനം ആരംഭിച്ചത്. ബി ജെ പി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നു.
മനീഷ് സിസോദിയയെ അറസ്റ്റ് പെയ്തപ്പോൾ എന്ത് കൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിച്ചത്. അത്തരം നിലപാടിനെയാണ് വിമർശിക്കുന്നത്. ആർ എസ് സിൻ്റെ അജണ്ട തീവ്രമായി നടപ്പാക്കുകയാണ്
ബി ജെ പി സർക്കാർ.
പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിന് നിലപാടില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൻ്റെ അനൗചിത്യം രാജ്യം ചർച്ച ചെയ്യുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.