കൊച്ചി: ആധുനുക കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യാന്തരതലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സാധ്യമാകുന്ന പുതിയ കോഴ്‌സുകള്‍ എ.ഐ.സി.റ്റി.ഇ. മാനദണ്ഡങ്ങളനുസരിച്ച് ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍.
കൊച്ചി കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അസോസിയേഷന്‍ സമ്മേളനം വിവിധങ്ങളായ നൂതന വിദ്യാഭ്യാസ പദ്ധതികള്‍ക്ക് രൂപം കൊടുത്തു. രാജ്യാന്തര പ്രശസ്തമായ വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ലോകനിലവാരമുള്ള വ്യവസായ സ്ഥാപനങ്ങളുമായി അസോസിയേഷനിലെ അംഗകോളജുകളെ അദ്ധ്യാപന തൊഴിലവസര തലങ്ങളില്‍ ബന്ധപ്പെടുത്തിയുള്ള പദ്ധതികള്‍, സമര്‍ത്ഥരായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, എഞ്ചിനീയറിംഗ് കോളജുകളോടനുബന്ധിച്ച് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഈ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികളില്‍പ്പെടും. മികവുറ്റ അക്കാദമിക് പ്രവര്‍ത്തന നിലവാരത്തിലൂടെ നാക്, എ.ബി.എ. അക്രഡിറ്റേഷനും സ്വയംഭരണവും നേടിയ അസോസിയേഷനിലെ വിവിധ കോളജുകളെ സമ്മേളനം അഭിനന്ദിച്ചു.
സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സി.എം.ഐ. മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.
വൈസ്പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ട്രഷറര്‍ ഫാ.റോയി വടക്കന്‍, മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശ്ശേരി, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോള്‍ പറത്താഴ, ഫാ.ജോണ്‍ പാലിയക്കര സിഎംഐ, ഫാ.എ.ആര്‍.ജോണ്‍, ഫാ.ജസ്റ്റിന്‍ ആലങ്കല്‍ സിഎംഐ, എന്നിവര്‍ പ്രസംഗിച്ചു.