ബസിന്‍റെ പിന്‍ചക്രം കയറി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

Malappuram

മലപ്പുറം: സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. മലപ്പുറം നടുവത്ത് സ്വദേശി ഹുദ (24)യ്ക്കാണ് ജീവന്‍ നഷ്ടമായത്.

നിയന്ത്രണം നഷ്ടമായ സ്‌കൂട്ടര്‍ മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡില്‍ വീണു. ഈ സമയം പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിന്‍ചക്രം റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുദ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.