തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പി വി അന്‍വര്‍ എം എല്‍ എ നടത്തിയ പ്രസ്താവന അപക്വവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹംസ നെട്ടൂക്കുടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും ഇന്ത്യയിലെ മുന്‍കാല പ്രധാനമന്ത്രി പരമ്പരയിലെ അംഗവുമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ ഡി.എന്‍.എ. പരിശോധിക്കണമെന്ന ആക്ഷേപസ്വരത്തിലുള്ള പ്രസ്താവന ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിന്റെ മണ്ണില്‍ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ രണ്ട് പിഞ്ചുമക്കളെ മാറോടണച്ചുപിടിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഉള്‍പ്പെടെ അധികാര സ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് ഈ രാജ്യത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ട് ജീവിച്ച ബഹുമാന്യയും ധീരയും ആദരണീയയുമായ സോണിയ ഗാന്ധിയെ അപഹസിക്കും വിധമുള്ള പരാമര്‍ശം രാജ്യസ്‌നേഹികള്‍ക്ക് വേദനയുണ്ടാക്കുന്നതാണ്. ഈ പരാമര്‍ശം അബദ്ധവശാല്‍ സംഭവിച്ചതാണെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകണം.
മറിച്ച് ടി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെയും ഈ പരാമര്‍ശത്തെ പരസ്യമായി പിന്തുണയ്ക്കുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കെതിരെയുള്ള ആക്ഷേപത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹംസ നെട്ടൂക്കുടി ആവശ്യപ്പെട്ടു. ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിലാണ് രാജ്യം മുഴുവന്‍. ഈ സമയം പാര്‍ട്ടിയുടെ ചിഹ്നം സംരക്ഷിക്കാന്‍ പോരാടുന്നവരെ ആ നിലക്കേ വോട്ടര്‍മാര്‍ കാണേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.