അപകടങ്ങള്‍ക്ക് കാരണം ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ച; അതിന്‍റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കരുത്: കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്

Thiruvananthapuram

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്നും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവനക്കാരെ ബലിയാടാക്കുന്നത് അവസാനിപ്പിക്കണമെന്നും കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സെക്ഷനില്‍ കരാര്‍ തൊഴിലാളിക്ക് പോസ്റ്റില്‍ നിന്ന് വീണ് അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഓവര്‍സിയര്‍മാര്‍ക്ക് 15 ലക്ഷം രൂപയുടെ ബാധ്യത അടിച്ചേല്‍പ്പിക്കുകയും അവരുടെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനു ശേഷം ഇപ്പോള്‍ അവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. വൈദ്യുതി ബോര്‍ഡില്‍ ശിക്ഷാ നടപടികള്‍ സംബന്ധിച്ച് നില നില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ളതാണ് ബോര്‍ഡിന്റെ പിരിച്ചുവിടല്‍ ഉത്തരവ്. സുരക്ഷിതമായി ജോലി ചെയ്യുന്നതിനു വേണ്ട ആധുനിക സൗകര്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നത് വൈദ്യുതി ബോര്‍ഡന്റെ ഉത്തരവാദിത്വമാണ്. ബോര്‍ഡ് ഈ ഉത്തരവാദിത്വം നിറവേറ്റിയിരുന്നെങ്കില്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാരെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീവനക്കാരെ ബലിയാടാക്കുന്ന ബോര്‍ഡ് മാനേജ്‌മെന്റ് നടപടിയില്‍ സംഘടന പ്രതിഷേധം രേഖപ്പെടുത്തി. ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള തീരുമാനത്തില്‍ നിന്നും മാനേജ്‌മെന്റ് അടിയന്തരമാ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് അറിയിച്ചു.