തിരുവനന്തപുരം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) മരിച്ച സംഭവത്തിലാണ് ഇവരുടെ മകന്‍ ബിജു എന്ന് വിളിക്കുന്ന അപ്പു (35)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ഒന്‍പതരയോടെ സമീപവാസി ജയയെ തിരക്കിവന്നപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കാണുന്നത്.
വിളിച്ചിട്ട് അനക്കമില്ലാത്തതിനാല്‍ സമീപവാസികളെ വിവരമറിയിച്ചു. ഈ സമയം ബിജു എന്ന് വിളിക്കുന്ന അപ്പു വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പറെയും മാറനല്ലൂര്‍ പോലീസിനെയും അറിയിക്കുകയായിരുന്നു. മകന്‍ മര്‍ദിച്ച് ജയയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
ഇയാള്‍ സ്ഥിരമായി മദ്യപിച്ച് വീട്ടല്‍ ബഹളമുണ്ടാക്കുകയും ജയയെ മര്‍ദ്ദിക്കാറുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി.