കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലോകമാതൃഭാഷാദിനാചരണം; പുസ്തകപ്രകാശനവും ത്രിദിന ദേശീയ സെമിനാറും 21ന് വനിതാകോളെജില്‍

Thiruvananthapuram

തിരുവനന്തപുരം: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും തിരുവനന്തപുരം സര്‍ക്കാര്‍ വനിതാകോളേജ് മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയചരിത്രസെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും ഫെബ്രുവരി 21ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചീഫ് സെക്രട്ടറി വി.പി. ജോയ് നിര്‍വഹിക്കും. ‘ഗവേഷണഫലങ്ങള്‍ മാതൃഭാഷയിലൂടെ ജനങ്ങളിലേക്ക്’ എന്ന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. എഴുത്തുകാരന്‍ കെ. സേതുരാമന്‍ ഐ. പി. എസ് മുഖ്യാതിഥിയാകും. ഡോ. ആര്‍. ശിവകുമാര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘ഭാഷാവികസനത്തിന്റെ ജനാധിപത്യവഴികള്‍’ എന്ന പുസ്തകം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദ്‌നി സാമിന് നല്‍കി ചീഫ് സെക്രട്ടറി പ്രകാശനം ചെയ്യും.

ന്യൂ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷത വഹിക്കും. ഡോ. ഗംഗാദേവി എം പുസ്തകം പരിചയപ്പെടുത്തും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദ്‌നി സാം എസ്.പി, ഡോ. ആര്‍.ശിവകുമാര്‍, എന്നിവര്‍ സംസാരിക്കും. വനിതാകോളേജ് മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. ഷൂബ കെ.എസ് സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍.സരിതകുമാരി നന്ദിയും പറയും. തിരുവനന്തപുരം വനിതാകോളേജ് മലയാളവിഭാഗം നടത്തിയ യു.ജി.സി നെറ്റ് പരിശീലനത്തിലൂടെ നെറ്റ്, ജെ.ആര്‍.എഫ് കരസ്ഥമാക്കിയവര്‍ക്ക് ഉപഹാരവും നല്‍കും. മൂന്ന് ദിവസത്തെ സെമിനാറില്‍ ചരിത്രഗവേഷണത്തിലും സാഹിത്യവിമര്‍ശനത്തിലും കേരളീയമായ രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത കേസരി എ. ബാലകൃഷ്ണപിള്ളയുടെ സംഭാവനകളെ മുന്‍നിര്‍ത്തിയുള്ള ചരിത്രപ്രഭാഷണങ്ങളും ഗവേഷണപ്രബന്ധങ്ങളുടെ അവതരണവുമുണ്ടാകും.

ആദ്യദിവസം ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനുകളില്‍ ഡോ. രവിശങ്കര്‍ എസ്.നായര്‍, ഡോ. കെ. മാധവന്‍ നമ്പൂതിരി, സി. എം. മുരളീധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ മുതല്‍ ഡോ. നിഷ എന്‍. ജി, ഡോ.അജയകുമാര്‍ ജി, ഡോ.അമ്മു ജി.നായര്‍, ഡോ.സുനിജാ ബീഗം, ഡോ. ജൂബി അലക്‌സ് എന്നിവരും ഉച്ചയ്ക്ക് ശേഷം പ്രൊ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ. നൗഷാദ് എസ്സ്, ശ്രീ യൂസഫ് കുമാര്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ മുതല്‍ നടക്കുന്ന സെഷനുകളില്‍ ഡോ.പ്രമോദ് കുമാര്‍ ഡി.എന്‍, ഡോ.ജിഷ എസ്.കെ, ഡോ.ജോയ് ബി, സഞ്ചന കെ, അമൃത ഐ.പി. എന്നിവരും ഉച്ചയ്ക്ക് ശേഷം ഡോ. വന്ദന ബി, ഡോ. ബിജു ബാലകൃഷ്ണന്‍, സൗമ്യ ജെ, സീമ സി.വി, ഷിജു സി എന്നിവരും സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *