ഗുണ്ടാവിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്‌പിക്കെതിരെ നടപടി സ്വീകരിച്ചതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെൻഷന്‍

Kerala

പത്തനംതിട്ട:  ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ഗുണ്ടാബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. ആറന്മുള പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.

മേലുദ്യോഗസ്ഥനെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടിയാണ് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിച്ചത്. അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് ഉമേഷിനെതിരെ ആഭ്യന്തര വകുപ്പും അന്വേഷണം ആരംഭിച്ചു. ഗുണ്ടയുടെ വീട്ടിൽ സൽക്കാരത്തിന് പോയ ഡിവൈഎസ്‌പിക്കെതിരെ നടപടി സ്വീകരിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഈ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്‌തിരുന്നു.

ഗുണ്ടാവിരുന്ന് അവസാനത്തേത് അല്ലെന്നും സേനയിൽ ഇത്തരക്കാർ ഇനിയുമുണ്ടെന്നും ഡിജിപിയോ മുഖ്യമന്ത്രിയോ ഇത് അറിയുന്നില്ലെന്നും കത്തിൽ പറയുന്നു. കോടതി ഉത്തരവുണ്ടായിട്ടും കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ പറഞ്ഞു വിട്ട ഉദ്യോഗസ്ഥർക്ക് കീഴിലാണ് താൻ ജോലി ചെയ്യുന്നതെന്നും പൊലീസ് സേനയിലെ ആത്മഹത്യകളുടെ എണ്ണം കൂടുന്നത് മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും ഉമേഷ് വള്ളിക്കുന്ന് കത്തിൽ ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് നടപടി വന്നത്.