തിരുവനന്തപുരം: കണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സേവന പ്രസ്ഥാനമായ നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷികവും കുടുംബ സംഗമവും മാധ്യമ പുരസ്കാര വിതരണവും കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ മുൻ എം.പി. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാലു വർഷക്കാലമായി തുടർന്നു വരുന്ന ചികിത്സാ സഹായങ്ങൾ, (ഡയാലിസിസ്, കീമോ തെറാപ്പി), കിടപ്പ് രോഗികൾക്കുള്ള അവശ്യ സാധനങ്ങൾ, രോഗികൾക്കാവശ്യമായ മരുന്ന് വിതരണം, അശരണർക്കുള്ള പെൻഷൻ പദ്ധതി അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ഭവന നിർമ്മാണം, പുനരുദ്ധാരണം, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ, വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണമായ (പാഥേയം) അന്നദാനം, മറ്റു നിർധനരും, നിസ്സഹായരുമായ ഒട്ടനവധി കുടുംബങ്ങൾക്ക് പ്രതിമാസം നൽകുന്ന സാമ്പത്തിക സഹായങ്ങൾ തുടങ്ങി പ്രതിവർഷം ഒരു കോടിയിലധികം രൂപ കൊണ്ട് നന്മയുടെ ശക്തിയാൽ സമൃദ്ധമായ ജീവൽ പ്രവർത്തനങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകുന്നുണ്ട്.
നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസൽ, സെക്രട്ടറി എം.റസീഫ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ ഐഎഫ്.എസ്, അഡ്വ. എം. സിറാജുദ്ദീൻ, എ. കെ.ഷാജി, കെ.എച്ച്.എം. അഷറഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.
മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം മാധ്യമം ചീഫ് സബ് എഡിറ്റർ അഷ്റഫ് വട്ടപ്പാറയ്ക്ക് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർ പുരസ്കാരം തിരുവനന്തപുരം മീഡിയവണ്ണിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് സ്വാന്തനാ സാജുവിനും സമ്മാനിച്ചു.