കാട്ടുപന്നികളെ കൊന്നൊടുക്കാൻ മംഗലാട്ട് പ്രത്യേക ദൗത്യസംഘമെത്തും

Kozhikode

ആയഞ്ചേരി : അപകട ഭീഷണിയുർത്തുന്നതിനാലും, കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനാലും മംഗലാട് പ്രദേശത്തുള്ള കാട്ടു പന്നികളെ കൊന്നൊടുക്കാൻ 30 അംഗ പ്രത്യേക ദൗത്യസംഘം ഇന്ന് എത്തുമെന്ന് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ വഴി യാത്രക്കാർക്കും മറ്റും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക ആക്റ്റ് പ്രകാരം കാട്ടു പന്നികളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൾ ഹമീദ് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഫിബ്രവരി മാസത്തിൽ തീരുമാനമായെങ്കിലും ഇലക്ഷൻ കാലത്ത് ലൈസൻസുള്ള തോക്കുകൾ കലക്ടർ പിടിച്ചെടുത്തതുകൊണ്ട്
നടപ്പിലാക്കാൻ കഴിഞ്ഞില്ല.

കാട്ടു പന്നികൾ പല വാർഡുകളിലും വ്യാപകമായ നാശനഷ്ടം വരുത്തുകയും ഒരാളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഒരു പ്രസവത്തിൽ 18 കുട്ടികൾ വരെ ഉണ്ടാവുന്നത് കൊണ്ട് ഇവ നാട്ടിൽ വലിയ രീതിയിൽ പെരുകാൻ കാരണമായത്. കൂട്ടമായി സഞ്ചരിക്കുന്ന കാട്ടു പന്നികളെ പകൽ സമയത്തും പോലും കണ്ടു തുടങ്ങിയത് കൊണ്ട് കുട്ടികളെ സ്ക്കൂളിൽ പറഞ്ഞയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നുണ്ട്.

കഴിഞ്ഞദിവസം വാർഡിൽ ചേർന്ന പ്രത്യേക മീറ്റിങ്ങിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെമ്പർ പറഞ്ഞു.ദൗത്യസംഘത്തിൽ പരിശീലനം നേടിയ മുപ്പതോളം അംഗങ്ങളും നായ്ക്കളുമാണ് ഉണ്ടാവുക. വലിയ അപകടം പിടിച്ച വേട്ട ആരംഭിച്ചാലുള്ള വെടി ശബ്ദവും മറ്റും കേട്ടാൽ ആരും പുറത്തിറങ്ങരുത്. സഹായികളായി തെരഞ്ഞെടുത്തവരെ മാത്രമെ അനുവദിക്കുകയുള്ളൂ.

യോഗത്തിൽ പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, തയ്യിൽ മൊയ്തീൻകുട്ടി, അച്ചുതൻ മലയിൽ, അബ്ദുള്ള കൃഷ്ണാണ്ടി, അംഗൻവാടി ടീച്ചർ റീന, ആശാവർക്കർ ടി.കെ റീന, ദീപ തിയ്യർകുന്നത്ത്,മോളി പട്ടേരിക്കുനി, ഷിംന കുന്നിൽ, പ്രജിത പാലോള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു.