മരണ സംഖ്യ 100 കടന്നു, 98 പേരെ കുറിച്ച് വിവരമില്ല, രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരം

Kerala

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ നൂറിനോടടുക്കുന്നു. 95 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. നിരവധിയാളുകളെ ഇനിയും കണ്ടെത്താനുണ്ട്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരുമോ എന്ന ആഥിയിലാണ്.

എന്‍ ഡി ആര്‍ എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തിയിട്ടുണ്ട്. ദുരന്തം നടന്ന് 13 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരല്‍മലയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാര്‍ഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റാനാണ് നീക്കം.

രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ റോപ്പുകളും എത്തിക്കുന്നു. ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടമലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക ദുഷ്‌കരമാണ്. അഞ്ച് സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ വലിയ റോപ്പുകള്‍ എത്തിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടതും തകര്‍ന്നടിഞ്ഞതും പത്താം വാര്‍ഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവര്‍ത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മുണ്ടക്കൈയില്‍ നിന്ന് ഗുരുതര പരുക്കേറ്റവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്.അതിനിടെ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതര്‍ പറഞ്ഞു.

അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി.

മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങള്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

മുണ്ടക്കൈയില്‍ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാള്‍. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന.