പാലക്കാട്: മുന്തിരി ജ്യൂസ് കഴിച്ചവര്‍ കുഴഞ്ഞുവീണു. മണ്ണാര്‍ക്കാട് എടത്തനാട്ടുകരയിലാണ് മുന്തിരി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവര്‍ക്കാണ് മുന്തിരി ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്.
അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരിയാണ് വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നീട ഛര്‍ദിച്ചു തുടങ്ങിയ ഇവര്‍ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ഡിസ്‌പെന്‍സറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയിലെ മുന്തിരിയുടെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.