‘വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്ന 1000 ത്തോളം കേസുകളെ ബാധിക്കും’
കോഴിക്കോട്: പാർലമെൻറിൽ അവതരിപ്പിക്കുകയും ജോയിന്റ് പാർലമെന്റ് കമ്മിറ്റിയ്ക്ക് (ജെപിസി) വിടുകയും ചെയ്തിട്ടുള്ള വഖഫ് ബോർഡ് ഭേദഗതി ബിൽ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി
ജെപിസിയ്ക്ക് നിവേദനം നൽകാനും കോഴിക്കോട് ചേർന്ന സംസ്ഥാന വഖഫ് ബോർഡ് യോഗം തീരുമാനിച്ചു.
“നിലവിൽ വഖഫ് നിയമം ഭേദഗതി ചെയ്യേണ്ട സാഹചര്യമില്ല. ഭേദഗതി ബിൽ അവതരിപ്പിക്കും മുൻപ് സംസ്ഥാന സർക്കാരിനോടോ വഖഫ് ബോർഡിനോടോ അഭിപ്രായം തേടിയിട്ടില്ല. നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ബിൽ പിൻവലിക്കണം,” സംസ്ഥാന വഖഫ് ബോർഡ് ചെയർപേഴ്സൺ എം കെ സക്കീർ ആവശ്യപ്പെട്ടു.
വഖഫ് എന്ന ആശയം തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ് ഭേദഗതികൾ നിർദേശിച്ചിട്ടുള്ളത്. ബിൽ തികച്ചും ഏകപക്ഷീയവും സംസ്ഥാന വഖഫ് ബോർഡുകളുടെയും സംസ്ഥാന സർക്കാരിന്റെയും അധികാരങ്ങൾ കവരുന്നതുമാണ്.
വഖഫുകളുടെ സ്വത്ത്, വരുമാനം തുടങ്ങിയ എല്ലാ വിവരങ്ങളും വഖഫ് മുതവല്ലിമാരുടെ നിയന്ത്രണവും കേന്ദ്ര സർക്കാരിന് ലഭിക്കുന്ന രീതിയിലുമാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത്.
പുതിയ ഭേദഗതിയനുസരിച്ച് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോർഡ് അംഗങ്ങൾക്ക് പകരം നോമിനേറ്റഡ് അംഗങ്ങളാകും. ഇത് ജനാധിപത്യ വിരുദ്ധമാണ്. വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം ജില്ലാ കളക്ടർമാർക്ക് നൽകുന്ന പുതിയ നടപടി വഖഫുകൾ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള നടപടി സങ്കീർണമാക്കും.
ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി വഖഫ് ബോർഡ് പ്രവർത്തിക്കുന്ന സംസ്ഥാനമായ കേരളത്തിൽ നിന്ന് ഒറ്റ അംഗത്തെ പോലും 31-അംഗ ജെപിസിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ബോർഡ് അംഗമായ പി ഉബൈദുള്ള എംഎൽഎ ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡുകൾക്ക് കീഴിൽ ഏക്കറുകണക്കിന് സ്വത്തക്കളുണ്ട് എന്നത് തെറ്റായ പ്രചാരണമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. “വഖഫ് എന്നത് വ്യക്തി പള്ളിയിലേക്ക് ദാനം ചെയ്യുന്ന സ്വത്താണ്. അതിന്റെ ജന്മിയല്ല, സൂപ്പർവൈസ് ചെയ്യുന്ന സമിതി മാത്രമാണ് വഖഫ് ബോർഡ്,” സക്കീർ പറഞ്ഞു.
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്ന നടപടികൾ നടക്കുകയാണ്. 1000 ത്തോളം കേസുകൾ ഇത്തരത്തിലുണ്ട്. പുതിയ ഭേദഗതി ഈ സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനെ ബാധിക്കും.
വാർത്താസമ്മേളനത്തിൽ വഖഫ് ബോർഡ് സിഇഒ വിഎസ് സക്കീർഹുസൈൻ,
മറ്റ് അംഗങ്ങളായ അഡ്വ എം ഷറഫുദ്ദീൻ, എം സി മായിൻ ഹാജി, റസിയ ഇബ്രാഹിം, പ്രൊഫ. അബ്ദുറഹിമാൻ, രഹന വി എം എന്നിവരും പങ്കെടുത്തു.