ഭരണ സംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണം ഗുരുതര സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍

Kozhikode

കോഴിക്കോട് : ഭരണസംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണം നടപ്പിലാക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ മത സംഘടനകൾ അഭിപ്രായം പറയേണ്ടന്ന മന്ത്രിയുടെ വാദം ദാർഷ്ഠ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാറിന്റെയും, മത സാമുഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്.
രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവർക്കും സാധിക്കണം. അഭിപ്രായ പ്രകടനങ്ങളോട് അസഹിഷ്ണുതയോടെയും, കൊലവിളി നടത്തിയും പ്രതികരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്ക്കാരങ്ങളും നിർദ്ദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും, ചർച്ചക്കും വിധേയമാക്കാൻ സർക്കാർ തയ്യാറാകണം. സ്കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ചർച്ചക്ക് വഴിയൊരുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളീയ സമൂഹത്തില്‍ വ്യാപകമാകുന്ന ലിബറല്‍ ചിന്തകള്‍ക്കെതിരെ മത രാഷ്ട്രീയ കക്ഷിഭേദമന്യേ ജനകീയ മുന്നേറ്റം അനിവാര്യമാണ്. ലിബറല്‍ ചിന്താഗതികള്‍ വിദേശ രാജ്യങ്ങളില്‍ സ‍ൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ മനസിലാക്കി സമൂഹം കടുത്ത ജാഗ്രതയോടെ ഇത്തരം വിഷയങ്ങളെ പഠന വിധേയമാക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, അബൂബക്കര്‍ സലഫി, ജന. സെക്രട്ടറി ടി.കെ അശ്റഫ്, നാസിര്‍ ബാലുശ്ശേരി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, പ്രൊഫ. ഹാരിസ് ബ്നു സലീം, അബ്ദുല്‍ മാലിക് സലഫി, കെ. സജ്ജാദ് എന്നിവര്‍ പങ്കെടുത്തു.