ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

Cinema

തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ പോയവർഷത്തെ സിനിമാ അവാർഡുകൾ പ്രഖ്യാപിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഇന്നാണ് പ്രഖ്യാപിക്കുന്നത്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന അവാർഡുകൾ നിർണയിക്കുന്നത്.

ആടുജീവിതത്തിലെ നജീബിലൂടെ പൃഥ്വിരാജ് മികച്ചതാനുള്ള പുരസ്കാരം നേടുമോ എന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. മികച്ച നടനുളള പുരസ്കാരത്തിന് കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്.

പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനും ഇരട്ട, പുലിമട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജും മികച്ച നടനുളള അവാർഡിന് മത്സരരംഗത്തുണ്ട്.

മികച്ച നടിക്കുളള പുരസ്കാരത്തിന് ഉർവശിയും പാർവതി തിരുവോത്തും തമ്മിലാണ് മത്സരം. ഉളെളാഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് രണ്ട് പേരെയും മികച്ച നടിക്കുളള
മത്സരത്തിൻെറ അന്തിമ റൗണ്ടിൽ എത്തിച്ചത്.

പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി ലീല, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് കല്യാണി പ്രിയദർശൻ എന്നിവരും മികച്ച നടിക്കുളള പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്.

മികച്ച സംവിധായകൻ, ഛായാഗ്രാഹകൻ, ചിത്രസന്നിവേശം എന്നീ വിഭാഗങ്ങളിലെ പുരസ്കാരത്തിനും നല്ല മത്സരമുണ്ട്. മഹാപ്രളയത്തെ അധികരിച്ചുളള 2018, കാതൽ, ഇരട്ട
എന്നിവയാണ് മികച്ച ചിത്രത്തിനുളള മത്സരത്തിലുളളത്. 2018ൻെറ സംവിധായകൻ ജൂഡ് ആന്തണിയും കാതലിൻറ സംവിധായകൻ ജിയോബേബിയും മികച്ച സംവിധായകൻ ആകാനുളള മത്സരത്തിലുണ്ട്.

ആകെ 160 സിനിമകളാണ് അവാർഡ് നിർണയത്തിനായി സമർപ്പിക്കപ്പെട്ടത്. ഇതിൽ 69 എണ്ണം നവാഗത സംവിധായകരുടെ ചിത്രങ്ങളാണ്. സംവിധായകൻ പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ അദ്ധ്യക്ഷനായ രണ്ട് പ്രാഥമിക ജൂറികൾ ചിത്രങ്ങൾ
വിലയിരുത്തിയപ്പോൾ 70 ശതമാനം ചിത്രങ്ങളും പുറത്തായി. സുധീർ മിശ്ര അധ്യക്ഷനായ ജൂറി 40 ചിത്രങ്ങളാണ് പരിഗണിച്ചത്. ഇതിൽ തന്നെ മികച്ചത് എന്ന് വിലയിരുത്തിയ 12 സിനിമകളാണ് അവസാന റൗണ്ടിൽ എത്തിയത്.