കാത്തലിക് എഞ്ചിനിയറിംഗ് കോളജുകളിൽ ക്യാമ്പസ് വ്യവസായ പാര്‍ക്ക് ആരംഭിക്കും: കാത്തലിക് മാനേജ്‌മെന്‍റ്സ് അസോസിയേഷന്‍

Eranakulam

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്യാമ്പസ് വ്യവസായ പാര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമെന്നും കേരളത്തിലെ 14 കാത്തലിക് എഞ്ചിനിയറിംഗ് കോളജുകളിലും കാ ക്യാമ്പസ് വ്യവസായ പാര്‍ക്കുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍.

വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ആഭിമുഖ്യം വളര്‍ത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തുവാനും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അവസരമൊരുക്കും. സാങ്കേതിക വിദ്യാഭ്യാസത്തിലെ ആധുനിക ഗവേഷണങ്ങള്‍  പുതിയ ഉല്പന്നങ്ങളായി വിപണിയില്‍ എത്തിക്കുവാനും വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെ പുതുതലമുറയില്‍ തൊഴില്‍ ആഭിമുഖ്യവും പുത്തൻ അവസരങ്ങളും സൃഷ്ടിക്കുവാനും ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ സാധ്യതയുണ്ട്. അതേസമയം പദ്ധതി നടത്തിപ്പിനായി ഏകജാലക ക്ലിയറന്‍സ് സംവിധാനവും, ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണ്‍ സഹായങ്ങളും അനിവാര്യമാണെന്നും പദ്ധതി സംബന്ധിച്ച് സര്‍ക്കാരുമായി ഇതിനോടകം നടന്ന പ്രാരംഭ ചര്‍ച്ചകളെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കും തുടർ നടപടികൾക്കും കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സന്നദ്ധമാണെന്നും സൂചിപ്പിച്ചു.

രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അസോസിയേഷന്‍ നേതൃസമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സിഎംഐ മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.

വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറർ ഫാ: റോയി വടക്കൻ, ഫാ. പോള്‍ പറത്താഴം, ഫാ. മാത്യു കോരംകുഴ, ഫാ. ആന്റോ ചുങ്കത്ത്, ഫാ. എ.ആര്‍.ജോണ്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. ഡേവിഡ് നെറ്റിക്കാടന്‍, ഫാ.റോയി പഴേപറമ്പില്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ.ജസ്റ്റിന്‍ ആലങ്കല്‍ സിഎംഐ, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍ എന്നിവര്‍ സംസാരിച്ചു.