തിരുവനന്തപുരം: കുട്ടികള്‍ ഇല്ലാത്തതുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന പതിനായിരക്കണക്കിനുസീറ്റുകളില്‍ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ് അസ്സോസ്സിയേഷന്‍ സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു.
മികച്ച സൗകര്യങ്ങളുള്ള ഇരുനൂറോളം എഞ്ചിനീയറിംഗ് കോളേജുകള്‍ ആവിശ്യത്തിനു കുട്ടികളെ കിട്ടാത്തതു മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി ഒരുലക്ഷത്തിനടുത്ത് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല കോളേജുകളും നഷ്ടം മൂലം അടച്ചുപൂട്ടാന്‍ മാനേജുമെന്റുകള്‍ സര്‍വ്വകലാശാലയുടെ അനുമതി തേടിയിരിക്കുകയാണ്.
സംഘടനയുടെ സംസ്ഥാന തല രൂപീകരണ സമ്മേളനം ചങ്ങനാശ്ശേരിയില്‍ JDU സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടന്‍ ഉദ്ഘാടനം ചെയ്തു. ഒരു എഞ്ചിനീയറിംഗ് കോളേജ് പൂര്‍ണ്ണമായ തോതില്‍ അഡ്മിഷന്‍ നടത്തി തുറന്നു പ്രവര്‍ത്തിച്ചാല്‍ അനുബന്ധമായി ഒട്ടനവധി ചെറുകിട സംരംഭങ്ങളും തൊഴില്‍ സാദ്ധ്യതകളും ആ നാട്ടിലുണ്ടാവും. വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജിനു മാത്രമല്ല നാട്ടിലെ നിരവധി സംരംഭങ്ങള്‍ക്കും വരുമാനം ലഭ്യമാകുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
കോളേജുകളോട് അനുബന്ധിച്ച് നാട്ടില്‍ മെച്ചപ്പെട്ട രീതിയില്‍ റോഡുകളുണ്ടാവും. മികച്ച വാഹന ഗതാഗത സൗകര്യങ്ങള്‍ വന്നെത്തും. ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങള്‍ നല്‍കുന്ന പുതിയ ചെറുകിട സംരംഭങ്ങള്‍ നാട്ടില്‍ ഉയര്‍ന്നുവരും. കോടികളുടെ നിക്ഷേപത്തിലൂടെയാണ് ഓരോ എഞ്ചിനീയറിംഗ് കോളേജും പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇവയില്‍ പലതും കുട്ടികള്‍ ഇല്ലാത്തതുമൂലം കാലിയായിക്കിടക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ഈ കോളേജുകള്‍ പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അദ്ധ്യാപകരായും അനദ്ധ്യാപകരായും നൂറുകണക്കിന് ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. അഫിലിയേഷന്‍ ഫീസിനത്തില്‍ ടെക്‌നിക്കല്‍ സര്‍വ്വകലാശാലയ്ക്കും നല്ല വരുമാനം കിട്ടിയിരുന്നു. ഇതെല്ലാം വികലമായ പിന്തിരിപ്പന്‍ നയങ്ങള്‍ മൂലം ഇല്ലാതാവുകയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിദേശ സ്വകാര്യ സര്‍വ്വകലാശാലകള്‍ കൊണ്ടുവരികയല്ല വേണ്ടത്. മറിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കഴിയുമെങ്കില്‍ ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് വേണ്ടതെന്ന് സമ്മേളനം ആവിശ്യപെട്ടു ഡോ. ജോസ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു.
ഓള്‍ കേരളാ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ് അസ്സോസ്സിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ബിജു കൈപ്പാറേടന്‍, ജനറല്‍ സെക്രട്ടറിയായി മാന്നാനം സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ലിജോ സെബാസ്റ്റ്യന്‍, പുന്നന്‍ വേങ്കടത്ത് (വൈസ് പ്രസിഡന്റുമാര്‍) വിന്‍സെന്റ് ലൂയിസ്, സ്റ്റീഫന്‍ ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍) ടോം ജോര്‍ജ് (ട്രഷറര്‍).