ധനുവച്ചപുരം: 2005 ൽ ധനുവച്ചപുരം എൻ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ തങ്ങളുടെ പൂർവ അധ്യാപകരെ ആദരിക്കുകയും സ്കൂളിലേക്ക് 12 വൈറ്റ് ബോർഡുകളും രണ്ട് ഫാനുകളും സമ്മാനമായി നൽകുകയും ചെയ്തു.
സൗഹൃദം 2k5 കൂട്ടായ്മ, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. എൻ.എസ്. നവനീത് കുമാർ ഉദ്ഘാടനം ചെയ്യുകയും ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ആദരവേറ്റുവാങ്ങുന്ന ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ചെത്തിയ മുൻകാല അധ്യാപകർക്ക് സൗഹൃദ കൂട്ടായ്മ മെമൻ്റോകൾ കൈമാറി.
സ്കൂളിലേക്ക് പൂർവ വിദ്യാർത്ഥികൾ സമ്മാനമായി നൽകിയ വൈറ്റ് ബോർഡുകളും ഫാനുകളും ഹെഡ്മിസ്ട്രസ്സ് മിനി പ്രകാശ്, പി.റ്റി.എ പ്രസിഡൻ്റ് റ്റി.റ്റി. സുരേഷ്, സ്കൂൾ എസ്.എം.സി. ചെയർമാനും വാർഡ് മെമ്പറുമായ ജി. ബൈജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
പി.ടി.എ പ്രസിഡൻ്റ്, ഹെഡ്മിസ്ട്രസ്സ്, എസ്.എം.സി. ചെയർമാൻ, വാർഡ് മെമ്പർമാരായ ജി.എസ്. ബിനു, ബിന്ദു ബാല എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
പൂർവ വിദ്യാർത്ഥിയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ആയ ഷാൻ.എസ്.നാഥ് വിദ്യാർഥികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് എടുത്തു. ശേഷം കുട്ടികൾക്ക് മധുര വിതരണവും നടത്തി.
സൗഹൃദം 2K5 കൂട്ടായ്മയുടെ യോഗ നടപടികൾ തങ്ങളെ പത്താം ക്ലാസിൽ പഠിപ്പിച്ച മോസസ് സാർ, ചെല്ലം ടീച്ചർ എന്നീ അധ്യാപകരെ അനുസ്മരിച്ച് കൊണ്ടാണ് ആരംഭിച്ചത്.
തുടർന്നുള്ള വർഷങ്ങളിലും ഇതേ പോലെ ഒത്തുകൂടൽ സംഘടിപ്പിക്കുമെന്ന് സൗഹൃദ കൂട്ടായ്മ അറിയിച്ചു.