ശിശുക്ഷേമ സമിതിയിലെ ആയമാരുടെ ക്രൂരത, കർശന നടപടി എടുക്കണം: ബാലസംഘം

Thiruvananthapuram

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ജീവനക്കാരായ ആയമാർ ബെഡിൽ മൂത്രമൊഴിച്ച കാരണം പറഞ്ഞ് രണ്ടര വയസ്സുള്ള കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച സംഭവം ശിശു സൗഹൃദ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയിൽ കുട്ടികൾ സുരക്ഷിതമായി ജീവിക്കുകയും,അവരുടെ അവകാശങ്ങൾ ശരിയായ നിലയിൽ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. ശിശുക്ഷേമകരമായ അനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്ന ശിശുക്ഷേമ സമിതിയെപ്പോലെ മഹത്തായ സ്ഥാപനത്തെ, അതിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന ഇത്തരം ജീവനക്കാർക്കെതിരെ കർശനമായ നടപടി ഉണ്ടാകണം. ശിശു സൗഹൃദ ഇടങ്ങളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം.

ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ഘട്ടത്തിൽ തന്നെ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച ശിശുക്ഷേമ സമിതി ഭരണസമിതിയുടെ സമീപനം അഭിനന്ദാർഹമാണ്. കേരളത്തെ ശിശു സൗഹൃദമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇടമാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. ആ സംവിധാനങ്ങളുടെ പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തുന്ന ഒരാളുടെയും ചെയ്തികളെ സമൂഹം അംഗീകരിക്കില്ല. ഇത്തരം കുറ്റക്കാരെ ശക്തമായ നിയമനടപടിക്ക് വിധേയപ്പെടുത്തി ഒരു കാരണവശാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശിശുക്ഷേമ സമിതിയിലെ ഈ ക്രൂരത കാട്ടിയ ജീവനക്കാർക്ക് എതിരെ കർശനമായ നിയമനടപടി സ്വീകരിക്കണന്ന് ബാലസംഘം സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.