“പെയ്തൊഴിയാതെ” നോവൽ പ്രകാശനം ചെയ്തു

Wayanad

കല്പറ്റ: അദ്ധ്യാപികയും എഴുത്തുകാരിയും ആയ രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ പെയ്തൊഴിയാതെ എന്ന നോവൽ പ്രകാശനം ചെയ്തു. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണതയും യാദൃശ്ചികതയും വരച്ചുകാട്ടുന്ന ഏറെ ശ്രദ്ധേയമായ നോവലാണ് രമ്യ അക്ഷരത്തിന്റെ പെയ്യൊഴിയാതെ എന്ന പുസ്തകം.

അക്ഷരങ്ങളുടെ ലോകത്ത് വ്യത്യസ്തങ്ങളായ കൃതികളിലൂടെ ശ്രദ്ധേയയായ ഈ എഴുത്തുകാരി സ്ത്രീ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവും പ്രധാന പ്രമേയമാക്കിയാണ് പുതിയ നോവൽ രചിച്ചിരിക്കുന്നത്. വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാനശൈലിയിലുള്ള പ്രണയ സാന്ദ്രമായ ഒരു നോവൽ കൂടിയാണിത്. പുതൂർ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ വയനാട് ജില്ലാ സെക്രട്ടറി പി കെ സുധീർ, എം ദേവകുമാറിന് പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്.

പ്രശസ്ത എഴുത്തുകാരൻ മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ബിനു ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി ബിജു മാസ്റ്റർ സ്വാഗതവും പി.വി ജെയിംസ് മാസ്റ്റർ നന്ദിയും പറഞ്ഞു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. വി. രജിത നോവലിസ്റ്റ് രമ്യ ടീച്ചർക്ക് ഉപഹാരം നൽകി ആദരിച്ചു.

ഗ്രന്ഥകർത്താവ് രമ്യ അക്ഷരം മറുപടി പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ, വാർഡ് മെമ്പർ രോഷ്മ രമേശ്, ഡോക്ടർ ബാവ. കെ. പാലു കുന്ന്, പി.സി. മജീദ്, ആസിയ അബ്ദുൽ കലാം, കെ ഡി സുദർശൻ, ശിവൻ പള്ളിപ്പാട്, അഭിജിത്ത് കെ എ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്കുള്ള ആദരസൂചകമായി പ്രകാശന ചടങ്ങിൽ രമ്യ അക്ഷരം അവതരിപ്പിച്ച നൃത്ത ശില്പം ശ്രദ്ധേയമായിരുന്നു. പ്രകാശന ചടങ്ങിൽ തൽസമയം ഗിന്നസ് റെക്കോർഡ് ജേതാവ് പ്രശസ്ത മൌത്ത് പെയിന്റർ ജോയൽ കെ ബിജു നോവലിന്റെ കവർ ചിത്രം മൗത്ത് പെയിന്റിംഗ് നടത്തിയത് ചടങ്ങിന് വർണ്ണ ചാരുതയേകി. പി കെ സുധീർ ജോയലിന് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു