കോഴിക്കോട്: കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയിൽ നടന്നു വന്ന സ്വച്ഛതാ ഹി സേവ ദേശീയ ക്യാമ്പയിൻ സാഹിത്യ സാംസ്കാരിക പാരിസ്ഥിതിക ചർച്ചകളോടെ സമാപിച്ചു. മഹത്മാ ഗാന്ധിയുടെ സ്വാശ്രയഗ്രാമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലത്തീഫ് പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സമ്പൂർണ ശുചിത്വം ശുദ്ധ ഗ്രാമം – മറയൂർ അനുഭവങ്ങൾ എന്ന വിഷയത്തിൽ നിറവ് വേങ്ങേരി ഡയറക്ടർ ബാബു പറമ്പത്ത് പവർപോയിൻ്റ് അവതരണം നടത്തി. എഴത്തുകാരികളായ ശ്രീലത രാധാകൃഷ്ണൻ, ശ്രീരഞ്ജിനി ചേവായൂർ, കെ. വരദേശ്വരി, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് പൂതക്കുഴി
പ്രസംഗിച്ചു. ‘ ജലഗീതം ‘ എന്ന സ്വന്തം പരിസ്ഥിതി കവിത കോഴിക്കോട് ഗവ . മെഡിക്കൽ കോളേജിലെ സരസ്വതി ബിജു അവതരിപ്പിച്ചു.
ശ്രീലത രാധാകൃഷ്ണൻ, ശ്രീരഞ്ജിനി ചേവായൂർ, കെ.വരദേശ്വരി , ലത്തീഫ് പറമ്പിൽ, ശാന്തിനി കെ.പി, ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവല്യൂഷനറി ബയോളജിയിൽ സാർവ്വദേശീയ മാക്സ് പ്ലാക് റിസർച്ച് സ്കോളർഷിപ്പോടെ പിച്ച്ഡി പ്രവേശനം ലഭിച്ച യുവ ശാസ്ത്രജ്ഞൻ മായനാട് സ്വദേശി നവീൻ പ്രാസാദ് എന്നിവർ അവരുടെ സ്വന്തം രചനങ്ങൾ ദർശനം ഗ്രന്ഥശാലയ്ക്ക് കൈമാറി. ഗ്രന്ഥശാല വയോജന വേദി കൺവീനർ കെ ടി ഫിലിപ്പ് ഏറ്റുവാങ്ങി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ നവീൻ പ്രസാദ് അവതരിപ്പിച്ച പ്രോജക്ട് ‘കേരളത്തിലെ പൂമ്പാറ്റകൾ’ എന്ന ഗ്രന്ഥം ദർശനം ലിജോയ് ജോർജ്ജ് സ്മാരക ബാലവേദി മെൻ്റർ പി. ജസിലുദ്ദീൻ ഏറ്റുവാങ്ങി. യുവ ശാസ്ത്രജ്ഞൻ നവീൻ പ്രസാദ്, നിറവ് വേങ്ങേരി ഡയറക്ടർ ബാബു പറമ്പത്ത്, നാടൻ പൂവുകൾ കൃഷി ചെയ്ത ഫ്രണ്ട്സ് ഐ.എം.ജി.താഴം ഗ്രൂപ്പിലെ ജിനീഷ് കെ, വിപിൻ പുതിയോത്ത്, അരുൺ പുൽപറമ്പിൽ, കെ.സി.വരുൺ, കെ .വിനീത് , പി . നിഖിൽ എന്നീ യുവാക്കൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി അനുമോദനപത്രിക സമർപ്പിച്ചു.
എനർജി മാനേജ്മെൻ്റ് സെൻ്റർ കേരളയുടെ ഊർജ കിരൺ വേനൽക്കാല ഊർജ സംരക്ഷണ സൈക്കിൾ റാലിയിലും ലോക പരിസ്ഥിതി ദിനം 2024 ൻ്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്കും സെപ്തംബർ 8 ലോക സാക്ഷരത ദിനത്തിൽ വിവിധ ഭാഷകളിൽ അക്ഷര പൂക്കളം ഒരുക്കിയവർക്കും അതിഥികൾ മെമെൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.പി. ആയിഷബി അധ്യക്ഷയായി. ജോയിൻ്റ് സെക്രട്ടറി ടി.കെ. സുനിൽകുമാർ സ്വാഗതവും സെക്രട്ടറി എം. എ.ജോൺസൺ നന്ദിയും പറഞ്ഞു.