കല്പറ്റ: തോട്ടം തൊഴിലാളി മേഖലയിലും തൊഴിലുറപ്പ് തൊഴിലാളി മേഖലയിലും നിര്‍മ്മാണ മേഖലയിലും ഉള്‍പ്പെടെ വന്യമൃഗ ആക്രമണത്തെ സംബന്ധിച്ചുള്ള ഭയാശങ്കകള്‍ ഇല്ലാതെ തൊഴിലെടുക്കാവുന്ന തരത്തില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. പുത്തൂര്‍വയലില്‍ നടന്ന ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണത്തില്‍ അപകടം സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പോലും പൂര്‍ണമായി വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. കാടിനെയും നാടിനെയും വേര്‍തിരിക്കാന്‍ ആവശ്യമായ ഫെന്‍സിങ് സ്ഥാപിക്കാനോ മറ്റ് എന്തെങ്കിലും തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ സത്വരമായ നടപടി എടുക്കാതെ അനാസ്ഥ കാട്ടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പി പി ആലി, എം പി പത്മനാഭന്‍, വി ജെ ജോസഫ്, വി ആര്‍ പ്രതാപന്‍, ടി എ റെജി, തമ്പി കണ്ണാടന്‍, കൃഷ്ണവേണി ജി ശര്‍മ്മ, ഇബ്രാഹിംകുട്ടി, ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, സുന്ദരന്‍ കുന്നത്തുള്ളി, ചീങ്ങന്നൂര്‍ മനോജ്, ജോസ് ജോര്‍ജ് പ്ലാത്തോട്ടം, ഫിലിപ്പ് ജോസഫ്, പി ജി ദേവ്, വി പി ഫിറോസ്, മനോജ് എടാനി, ബി സുരേഷ് ബാബു, സി ജയപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.