തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും പ്രതാധിപരും, കവിയും ആയിരുന്ന എൻ.വി. ക്യഷ്ണവാര്യരുടെ സ്മരണയ്ക്ക് എൻ.വി.സാഹിത്യവേദി നൽകി വരുന്ന ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യക്യതിയ്ക്കുള്ള എൻ.വി.പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയ്ക്ക് സമ്മാനിക്കും. തമ്പുരാട്ടി രചിച്ച “ചരിത്രം വെളിച്ചത്തിലേയ്ക്ക് ശ്രീ ചിത്രഗാഥ’ എന്ന കൃതിയാണ് 2023-ലെ എൻ. വി. പുരസ്കാരത്തിന് അർഹമായത്.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവിതാംകൂർ രാജവംശത്തിന്റെ ഒരു നിശ്ചിത കാലഘട്ടത്തിലെ വെളിച്ചം കാണാത്ത ചരിത്രത്തോടൊപ്പം അക്കാലത്തെ രാഷ്ട്രീയ സാമൂഹിക ചരിത്രവും ഈ കൃതി അനാവരണം ചെയ്യുന്നതായി ഡോ.സി.ജി. രാമചന്ദ്രൻനായർ, ഡോ. ജോർജ്ജ് വർഗ്ഗീസ്, ഡോ.എം.ആർ.തമ്പാൻ
എന്നിവർ അംഗമായ ജഡ്ജിംഗ് കമ്മറ്റി രേഖപ്പെടുത്തി.
ഒക്ടോബർ 23 ന് പതിനൊന്ന് മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിക്കും. എം.എം.ഹസ്സൻ മുഖ്യപ്രഭാഷണവും ഡോ.ബി.എസ്.ബാലചന്ദ്രൻ എൻ.വി. അനുസ്മരണ പ്രഭാഷണവും നടത്തുന്നതാണ്.
എൻ.വി.സാഹിത്യവേദി പ്രസിഡൻ്റ് ഡോ. എം ആർ തമ്പാൻ, സെക്രട്ടറി ബി.എസ് ശ്രീലക്ഷ്മി, ട്രഷറർ മഞ്ചു ശ്രീകണ്ഠൻ എന്നിവർ പത്ര സമ്മേളനത്തിൽ അവാർഡ് വിവരം പ്രഖ്യാപിച്ചത്.