സുകുമാരിയുടെ ഓർമ്മയ്ക്ക് നിംസ് മൾട്ടിമീഡിയ സ്കൂൾ & മ്യൂസിയം: മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു

Thiruvananthapuram

കന്യാകുമാരി: മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി സുകുമാരിയുടെ സ്മരണയ്ക്കായുള്ള ആദ്യത്തെ മൾട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂൾ കന്യാകുമാരിയിലെ തക്കല നൂറുൽ ഇസ്ലാം സെന്റർഫോർ ഹയർ എഡ്യുക്കേഷനിൽ (നിഷ്) തുറക്കുന്നു. സുകുമാരിയുമായുള്ള ഹൃദയബന്ധത്തിന്റെ ഓർമകളുയർത്തി മെഗാസ്റ്റാർ മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ മൾട്ടിമീഡിയ ലാബുകൾ, ഡബ്ബിംഗ് തീയേറ്ററുകൾ, മൾട്ടി പ്ലക്സ് തിയേറ്റർ തുടങ്ങിയവ ഉൾപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാകും മികച്ച അഭിനേത്രിയായ സുകുമാരിയുടെ പേരിൽ അറിയപ്പെടുക.

പത്മശ്രീ സുകുമാരി മ്യൂസിയവും ഇതോടൊപ്പം സജ്ജമാകും. സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും, പുരസ്കാരങ്ങളും ഇനി ഇവിടെയാകും ഉണ്ടാകുക.

തെക്കൻതിരുവിതാംകൂർ മലയാളസിനിമയ്ക്ക് സമ്മാനിച്ച ലളിത,പത്മിനി, രാഗിണിമാരുടെ പരമ്പരയിൽപെട്ട സുകുമാരിയുടെ വേരുകളും കന്യാകുമാരിക്കടുത്തുള്ള നാഗർകോവിലിലാണ്.

അവരുടെ ഓർമകളെ നാളത്തെ തലമുറയ്ക്കായി അടയാളപ്പെടുത്തുന്ന നിഷിന് സുകുമാരിയുമായുള്ളത് അറ്റുപോകാത്ത ആത്മബന്ധമാണ്. നിഷിന്റെ മാതൃസ്ഥാപനമായ നിംസ് ആശുപത്രിയെ സ്വന്തം വീടുപോലെ കണ്ടയാളായിരുന്നു സുകുമാരി.

അതിന് തുടക്കമായതാകട്ടെ സ്കൂളിന്റെയും മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം നിർവഹിച്ച മമ്മൂട്ടിയും.

ആ കഥ ഇങ്ങനെയാണ്: മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും ചേർന്നുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയായ ഹാർട്ടു-ടു-ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലം. ഒരു ദിവസം അപ്രതീക്ഷിതമായി നിംസ് മെഡിസിറ്റി എം.ഡി. എസ്.എസ്.ഫൈസൽ ഖാന് ഒരു ഫോൺകോൾ. 369 എന്ന നമ്പരിൽ അവസാനിക്കുന്ന അതിന്റെ അങ്ങേത്തലയ്ക്കൽ മമ്മൂട്ടിയായിരുന്നു. സകുമാരിച്ചേച്ചി ആശുപത്രിയിൽ വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നുമായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. പരിശോധനയ്ക്ക് വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തദിവസം തന്നെ സുകുമാരി നിംസിലെത്തി.

ഗുരുതരമായ ഹൃദ്രോഗമാണെന്നും ഉടൻ ആൻജിയോപ്ലാസ്റ്റി വേണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഈ വിവരം മമ്മൂട്ടി തന്നെ സുകുമാരിയുടെ മകനായ ഡോ.സുരേഷിനെ അറിയിച്ചു. രണ്ടു പേരുടേയും അനുവാദത്തോടെ നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.മധു ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ദൗത്യം ഏറ്റെടുത്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാവുകയും ചെയ്തു. അന്നു മുതൽ സുകുമാരിയോടുള്ള ഹൃദയബന്ധം ചേർത്ത് പിടിക്കുകയാണ് നിംസ് കുടുംബം. പിന്നീട് ഹൃദയത്തിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. അതിന്ശേഷം കുറച്ചു നാൾ സുകുമാരി നിംസിൽ തന്നെയായിരുന്നു.
തനിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും നിംസിന്റെ മേൽനോട്ടത്തിൽ സൂക്ഷിക്കണമെന്ന ആഗ്രഹം അവർ പങ്കുവച്ചത് ആ നാളുകളിലാണ്.

ചികിത്സ പൂർത്തിയാക്കി ചെന്നൈയിലെ വീട്ടിൽ വിശ്രമിക്കവേ അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരിയുടെ അന്ത്യം.’എന്റെ കുടുംബത്തിലെ മൂത്തമകൻ’ എന്ന് സുകുമാരി വിശേഷിപ്പിച്ച മമ്മൂട്ടിയുടെ കൈകളിലൂടെ അവരുടെ ഓർമൾ തുടിക്കുന്ന വിദ്യാലയത്തിനും മ്യൂസിയത്തിനും ആദ്യശിലയിടുമ്പോൾ അതിലെവിടെയോ ഇന്നും മിടിക്കുന്ന ഒരു മാതൃഹൃദയവുമുണ്ട്.