സ്വതന്ത്രചിന്തകർ അധാർമ്മികതയുടെ പ്രചാരകർ: ഡോ.ഹുസൈൻ മടവൂർ

Gulf News GCC UAE

ദുബൈ: സ്വതന്ത്രചിന്തകർ ലക്ഷ്യമാക്കുന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യവംശം ആർജ്ജിച്ചെടുത്ത ധാർമ്മികതയും വ്യവസ്ഥിതിയും സമ്പൂർണ്ണമായും ഉപേക്ഷിക്കുന്ന ഒരു സമൂഹത്തിന്‍റെ സൃഷ്ടിയെയാണെന്നും അത് കുടുംബഘടനയിലും സാമൂഹിക വ്യവസ്ഥിതിയിലും അപരിഹാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമാവുമെന്നും കെ.എൻ.എം. ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. യു.എ.ഇ. ഇന്ത്യൻ ഇസ്ലാഹി സെന്‍ററും അൽമനാർ ഇസ്ലാമിക്‌ സെന്‍ററും സംയുക്തമായി അൽഖൂസ് അൽമനാർ സെന്‍റര്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാസ്തികവാദത്തിന് നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് യുക്തിവാദികൾ സ്വതന്ത്രചിന്തയുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. ലിബറലിസം, ഫെമിനിസം, ജെന്‍ഡര്‍ ഈക്വാലിറ്റി, എൽ.ജി.ബി.ടി. തുടങ്ങിയ പദപ്രയോഗങ്ങളുടെ മറവിൽ അതിവിദഗ്ദമായി യുവാക്കളെയും യുവതികളെയും അനിയന്ത്രിത ജീവിതത്തിലേക്ക് നയിക്കുകയാണ് നവയുക്തിവാദികൾ ഇപ്പോൾ ചെയ്യുന്നത്, അദ്ദേഹം തുടർന്നു. പ്രകൃതിവിരുദ്ധവും മാനവിക വിരുദ്ധവുമായ ഈ നീക്കത്തെ ആശയതലത്തിൽ നേരിടാൻ ഇന്നത്തെ കുടുംബ – സാമൂഹിക – നിയമവ്യവസ്ഥകൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ വിശ്വാസികളും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസത്തിന്‍റെ മറവിൽ നടക്കുന്ന ആത്മീയചൂഷണവും മതാദ്ധ്യാപനങ്ങളെ നിസ്സങ്കോചം വികലമാക്കി അവതരിപ്പിക്കുന്ന മതരാഷ്ട്രവാദവും ഇതേപ്രകാരം എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യന് സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്ന നിയമങ്ങൾ മാത്രമേ ഖുർആനിലും നബിചര്യയിലുമുള്ളു. വിശുദ്ധ ഖുർആൻ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് വക്രതയും വളച്ചുകെട്ടുമില്ലാതെ ഖുർആൻ അതിന്‍റെ തനിമയിൽ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഇസ്ലാഹി സെന്‍ററുകള്‍ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സിക്രട്ടറി പി.എ. ഹുസൈൻ ഫുജൈറ സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുൽ വാഹിദ് മയ്യേരി നന്ദിയും പറഞ്ഞു. സമൂഹത്തിന്‍റെ വിവിധ തുറകളിൽപ്പെട്ട നിരവധിപേർ പങ്കെടുത്ത ആവേശകരമായ ഖുർആൻ ക്വിസ്, അന്താക്ഷരി മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടന്നു. ക്വിസ്സ് മത്സരത്തിൽ ഫിറോസ് & നൗഷാദ് ടീം, ഷറഫുദ്ദീൻ & അഷ്റഫ് ടീം, മൻസൂർ & ഹംദാൻ ശിഹാബ് ടീം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അന്താക്ഷരി മത്സരത്തിൽ ഫാത്വിമ ഷഫീഖ് & ആയിഷ സിദ്ദീഖ് (ഖിസൈസ്, ഒന്നാം സ്ഥാനം), ദിൽഫ ഫിറോസ് & ഫലീഹ ഫിറോസ് (ഷാർജ, രണ്ടാം സ്ഥാനം), ആമിന ഹവ്വ & ആയിഷ ഹയ (ദേര, മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.

അബ്ദുറഹിമാൻ തെയ്യമ്പാട്ടിൽ, മുഹമ്മദലി പാറക്കടവ്, മുജീബ് എക്സൽ, അഷ്‌റഫ്‌ പേരാമ്പ്ര, അശ്കര്‍ നിലമ്പൂര്‍, മന്‍സൂര്‍ മദീനി, ഫൈസൽ അൻസാരി, അലി അക്ബർ ഫാറൂഖി, അബ്ദുൽ വാരിസ്, റിയാസ് ബിൻ ഹകീം തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. അൽമനാർ സെന്‍ററിന്‍റെ വിശാലമായ ഗ്രൗണ്ടിൽ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകൾ വിവിധ പരിപാടികളിലായി സംബന്ധിച്ചു.