മുനമ്പത്ത് ഒരാളെയും കുടിയൊഴിപ്പിക്കരുത്: ഡോ. ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട് : മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്‌ലിം പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
കോഴിക്കോട്ട് നടന്ന കെ. എൻ. എം സമാധാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടനകളുടെയും അഭിപ്രായമാണിതെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിളിച്ച് ചേർത്ത മുസ്ലിം സംഘടനാ നേതൃയോഗം ഒന്നിച്ചെടുത്ത തീരുമാനമാണത്. കെ. എൻ. എം സംസ്ഥാന പ്രസിഡൻറ് ടി. പി അബ്ദുല്ലക്കോയ മദനി നേരത്തെ ഇക്കാര്യം പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസം അത് പത്രസമ്മേളനത്തിൽ ആവർത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുനമ്പം പ്രശ്നം ഉയർത്തിക്കാട്ടി ഇസ്ലാമിലെ മനുഷ്യോപകാരപ്രദവും മനോഹരവുമായ വഖഫ് സംവിധാനത്തിന്നെതിരിൽ അനാവശ്യ വിമർശനങ്ങളുയർത്തിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാനാജാതി മനുഷ്യർക്കും കന്നുകാലികൾക്കും പക്ഷികൾക്കും പോലും കുടി വെള്ളം ലഭ്യമാക്കാൻ വഖഫ് സ്വത്തുക്കളുപയോഗിച്ച് സൗകര്യമേർപ്പെടുത്തിയ മുസ്ലിം ഖലീഫമാരുടെ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ വഖഫ് സംവിധാനത്തെ തകർക്കുന്ന നിരവധി നിർദ്ദേശങ്ങളുള്ളത് കൊണ്ടാണ് മുസ്ലിംകൾ എതിർക്കുന്നത്.

കേന്ദ്ര വഖഫ് ബില്ലും മുനമ്പം പ്രശ്നവും വ്യത്യസ്ഥങ്ങളായ രണ്ട് വിഷയങ്ങളാണ്. അത് രണ്ടും കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും മുസ്ലിംകൾ മുനമ്പം നിവാസികളോടൊപ്പമാണെന്നും മുനമ്പം സമര പന്തൽ സന്ദർശിച്ച് അവരോട് ഐക്യദാർഡ്യമറിയിച്ച ഡോ.ഹുസൈൻ മടവൂർ വിശദീകരിച്ചു. മദീനാ ഇമാം ഉദ്ഘാടനം ചെയ്ത മഹാസമ്മേനത്തിൽ മുസ്‌ലിം സമുദായം ഒന്നടങ്കം മുനമ്പം നിവാസികളോടൊപ്പമാണെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി. മുനമ്പത്തേത് മനുഷ്യരുടെ പ്രശ്നമാണ്. അത് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമല്ല. ഈ വിഷയം വർഗ്ഗീയതക്കും സാമുദായിക ധ്രുവീകരണത്തിന്നും വേണ്ടി പയോഗിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ശക്തയായ താക്കീതായി മടവൂരിൻ്റെ പ്രഖ്യാപനം.