ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ മതേതര ഇന്ത്യ ഒന്നിക്കണം: ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം

Kerala

കോഴിക്കോട്: ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം. കോഴിക്കോട് കടപ്പുറത്ത് നടന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളടക്കം വന്‍ജനാവലി പങ്കെടുത്തു.

രാജ്യത്ത് വിവിധ ആരാധനാലയങ്ങള്‍ക്കു നേരെ ഉയര്‍ന്നു വരുന്ന അടിസ്ഥാന രഹിതമായ അവകാശ തര്‍ക്കങ്ങള്‍ക്കറുതി വരുത്താന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ആരാധനാലയ തല്‍സ്ഥിതി നിയമം പാലിക്കാന്‍ ഭരണകൂടവും കോടതികളും ജാഗ്രത പുലര്‍ത്തണം. ഈ നിയമം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം പള്ളികള്‍ കയ്യേറാനുള്ള സംഘ് പരിവാറിന്റെ ഗൂഢ പദ്ധതിക്ക് ജുഡീഷ്യറി കൂട്ടു നില്ക്കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും. ആരാധനാലയ തല്‍സ്ഥിതി നിയമം ലംഘിച്ചുള്ള കോടതി ഇടപെടലുകള്‍ അവസാനിപ്പിച്ചിക്കേണ്ടത് ജുഡീഷ്യറിയുടെയും ലെജിസ്ലേറ്റിവിന്റെയും ഉത്തരവാദിത്തമാണ്.

രാജ്യത്തെ തൊഴിലില്ലായ്മ, ദാരിദ്ര്യം പട്ടിണി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ച് മസ്ജിദ്- മന്ദിര്‍ അജണ്ടകളുമായി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം.

ഏതു രാജ്യത്തും ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് സുരക്ഷ ലഭിക്കണമെന്നും ബംഗ്ലാദേശിന്റെ മറപിടിച്ച് സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ഹിന്ദുത്വ- ക്രൈസ്തവ തീവ്രവാദ സംഘടനകളെ നിലയ്ക്കു നിര്‍ത്തണമെന്നും സമ്മേളനം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടയിടുന്ന നടപടികള്‍ ജനാധിപത്യത്തിന്റെ അന്തസ്സത്ത കെടുത്തുമെന്നും അത്തരം നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ആഭ്യന്തര സംഘര്‍ഷം കാരണം ക്രമസമാധാനവും ജനജീവിതവും തകര്‍ന്ന സിറിയയിലെ പുതിയ സാഹചര്യത്തില്‍ ഉതകണ്ഠ പ്രകടിപ്പിച്ച സമ്മേളനം, സമാധാനപരമായ ഭരണ കൈമാറ്റത്തിന് യു എന്‍ നേതൃത്വം നല്‍കുമെന്നും സംഘര്‍ഷത്തില്‍ ഇതര രാജ്യങ്ങള്‍ കക്ഷി ചേര്‍ന്ന് സ്ഥിതി വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം വഖഫ്, തുറമുഖ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളന റിവ്യൂ പ്രകാശനം ചെയ്ത് സംസാരിച്ചു. ആശിഷ് ഖേതൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. എം ഇ എസ് പ്രസിഡണ്ട് ഡോ: ഫസൽ ഗഫൂർ , എം എസ് എസ് ജന: സെക്രട്ടറി എഞ്ചിനീയർ മമ്മദ്‌ കോയ എന്നിവർ പ്രസംഗിച്ചുവിവിധ സെഷനുകളിൽ കെ.എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് ഡോ: ഇ കെ അഹമ്മദ് കുട്ടി, ജന. സെക്രട്ടറി സി പി ഉമർ സുല്ലമി , ഡോ. ജമാലുദ്ദീൻ ഫാറൂഖി , എ അബ്ദുൽ ഹമീദ് മദീനി , എം അഹ്മദ് കുട്ടി മദനി , ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് സഹൽ മുട്ടിൽ , ജന : സെക്രട്ടറി ഡോ: അൻവർ സാദത്ത് , കെ.പി സകരിയ്യ , അബ്ദുല്ലത്തിഫ് കരുമ്പുലാക്കൽ, ജിസാർ ഇട്ടോളി എന്നിവർ സംസാരിച്ചു.