തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.
ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്താൽ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സിനിമാ പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ, അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യമാർന്ന വിഷയങ്ങളെ കൈകാര്യംചെയ്തുകൊണ്ടാണ് ഇക്കാലയളവിൽ ലോകത്താകമാനം സിനിമാ രംഗം വളർച്ചയും മുന്നേറ്റവും കൈവരിച്ചത്. ചരിത്രംകൊണ്ടും വലിപ്പംകൊണ്ടും നമ്മുടേതിനേക്കാൾ മികവുറ്റ നിരവധി മേളകൾ ലോകത്തുണ്ട്. ആരംഭിച്ചകാലം മുതൽ നോക്കിയാൽ അവയിൽ പലതും പലവിധ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. പുരോഗമനോന്മുഖമായും പ്രതിലോമകരമായുമുള്ള മാറ്റങ്ങൾക്കു വിധേയമായവയുമുണ്ട്.
സിനിമാ ആസ്വാദകരുടേയും സിനിമാ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരുടേയും സിനിമാ പ്രവർത്തകരുടേയും സംഗമവേദിയാണ് ചലച്ചിത്ര മേളയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്കു കോർപ്പറേറ്റുകൾ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയിൽ അതു സ്വാഭാവികമാണ്. പക്ഷേ, അതിനുമപ്പുറം കോർപ്പറേറ്റ് താത്പര്യങ്ങൾക്കനുസൃതമായ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കപ്പെടുന്നു. അവർക്ക് അനുയോജ്യമായ രീതിയിൽ സിനിമകൾ സൃഷ്ടിക്കപ്പെടാൻ സമ്മർദമുണ്ടാകുന്നു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണം.
ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കൾക്ക് കലാ, സാംസ്കാരിക, ഫാഷൻ രംഗങ്ങളിൽ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ചലച്ചിത്രോത്സവം മാറുന്നു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ ഉത്സവത്തിൽ രൂപപ്പെടുന്നത് സന്തോഷം പകരുന്ന കാര്യമാണ്.
മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ട കലാരൂപങ്ങളിൽ ഇന്നു നിലനിൽക്കുന്നവയിൽ ഏറ്റവും ജനകീയമായത് സിനിമയാണ്. ലൂമിയർ സഹോദരന്മാരിൽ തുടങ്ങിയ സിനിമ ചരിത്രം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനത്തിൽ എത്തിനിൽക്കുന്നു. സാങ്കേതികരംഗത്തെ വികാസം ഇത്രയേറെ ചടുല മാറ്റങ്ങൾ വരുത്തുന്ന മറ്റൊരു കലാരംഗവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നേർ പ്രതിഫലനമാണു സിനിമയിൽ ഉണ്ടാകുന്നതെന്നു പറയേണ്ടിവരും. സാമൂഹ്യാവസ്ഥകളെ പ്രതിഫലിപ്പിക്കാനുള്ള ഉപാധിയായി അന്താരാഷ്ട്ര ചലച്ചിത്രമേള മാറിത്തീരുന്നുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ കഴിഞ്ഞ ചലച്ചിത്രമേളയിൽ പലസ്തീൻ ഐക്യദാർഢ്യ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അന്ന് ആ രാജ്യത്തു നിലനിന്നിരുന്ന അവസ്ഥ കൂടുതൽ മോശമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. ഇത്തവണ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഒരു നൂറ്റാണ്ടു പാരമ്പര്യമുള്ള അർമേനിയൻ സിനിമ വിഭാഗത്തിലുള്ള ചലച്ചിത്രങ്ങളാണ്. ആഭ്യന്തര യുദ്ധവും വംശഹത്യയും കുടിയിറക്കലുമെല്ലാം ഈ സിനിമകളിൽ പ്രമേയമായിത്തീരുന്നുണ്ട്. ഇത്തരത്തിൽ അടിച്ചമർത്തപ്പെടുന്നവരുടേയും പീഡിപ്പിക്കപ്പെടുന്നവരുടേയും ഒപ്പംനിന്ന് അവരുടെ ജീവിതാവസ്ഥകൾ ലോകത്തിനു മുന്നിലെത്തിക്കാനാണ് ഈ ചലച്ചിത്രമേളയിലൂടെ നാം ശ്രമിക്കുന്നത്. മൂന്നാം ലോക സിനിമയ്ക്കു പ്രത്യേക പ്രാധാന്യം നൽകുന്ന മേളയാണിത്. ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കഥപറയുന്ന ഐ ആം സ്റ്റിൽ ഹിയറാണ് ഉദ്ഘാടന ചിത്രം. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമാതാവും നടിയുമായ ആൻ ഹുയിക്കാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിയായാണ് അവർ അറിയപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ ചല…