കോഴിക്കോട്: മതങ്ങളുടെ പേരിൽ വിശ്വാസ തട്ടിപ്പിന് തുനിഞ്ഞിറങ്ങുന്നവർക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്ന് ഐ എസ് എം കോഴിക്കോട് ജില്ലാ സമിതി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ പേരിൽ കൊലപാതകം, സ്ത്രീ പീഡനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ സംസ്ഥാനത്ത് നാൾക്കുനാൾ വർധിക്കുകയാണ്.
സമൂഹ സുരക്ഷക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്ന ദൈവിക മത ദർശനങ്ങളെ അനുധാവനം ചെയ്യുകയാണ് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനുള്ള പോംവഴി. കുടുംബങ്ങളിൽ അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ട്. മാരണം, കൂടോത്രം, മന്ത്രവാദം തുടങ്ങിയവയുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ അന്ധവിശ്വാസ നിർമ്മാർജ്ജന കരട് ബിൽ ഉടൻ നിയമമാക്കണമെന്ന് ഐ എസ് എം ആദർശ സമ്മേളനം ആവശ്യപ്പെട്ടു .
സമ്മേളനം കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ഇൽയാസ് പാലത്ത് അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, ഇബ്രാഹിം ബുസ്താനി, കെ എൻ എം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ ഇസ്മായിൽ കരിയാട്, കെ. എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് എം.ടി.അബ്ദുൽ ഗഫൂർ, ഐ.എസ്.എം ജില്ലാ സെക്രട്ടറി നവാസ് അൻവാരി, എം.ജി.എം ജില്ലാ പ്രസിഡണ്ട് സഫൂറ തിരുവണ്ണൂർ, എം.എസ്.എം ജില്ലാ പ്രസിഡണ്ട് സാജിദ് റഹ്മാൻ ഫാറൂഖി, പി. അബൂബക്കർ മദനി പ്രസംഗിച്ചു.