കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിന് പിന്നില്‍ ഉളുക്കുപോലെയുള്ള കഴപ്പ്, നഖങ്ങളിലെ മങ്ങല്‍, നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരല്‍, അവ്യക്തമായ സംസാരം, കാലിന്റെ കീഴ് ഭാഗത്ത് വേദന എന്നിവ കാണുന്നുണ്ടെങ്കില്‍ നിങ്ങളില്‍ ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നതിന്റെ ലക്ഷണമാകാം. മാറിയ ജീവിത ശൈലിയും വ്യായാമക്കുറവും കാരണം പലരുടേയും ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്.
കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രണം വിട്ട് വര്‍ദ്ധിക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സമുണ്ടെങ്കില്‍ നെഞ്ചുവേദനയും പടി കയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്.
ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിന് റെഡ്മീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഇതോടൊപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കണം. ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കൂടാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.