കൊച്ചി: ഓ ടി ടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടിവി സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക സഹായ ഹസ്തവുമായി സംയുക്തമായി എത്തുന്നു പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോം ( Producerbazaar.com ), ബെറ്റര്‍ ഇന്‍വെസ്റ്റ് ക്ലബ്ബ് ( BetterInvest.club) എന്നീ സ്ഥാപനങ്ങള്‍. ഓ ടി ടി പ്ലാറ്റ് ഫോമുകള്‍, ഓഡിയോ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന വേളയില്‍ നിശ്ചിത തുക പല തവണകളായി നല്‍കുന്ന രീതിയാണ് സിനിമാ വ്യവസായ രംഗത്ത് പതിവായി പിന്തുടര്‍ന്ന് പോരുന്നത്. സിനിമയുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കുന്ന ടെലിവിഷന്‍ സ്ഥാപനങ്ങളും ഇപ്പോള്‍ ഈ രീതി പിന്തുടരാന്‍ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് വെബ് സീരീസ്, ടിവി സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക്, അവര്‍ അടുത്തടുത്തതായി നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ക്കു സാമ്പത്തികം ലഭിക്കുന്നതിന് കാല താമസം നേരിടുന്ന സാഹചര്യം സംജാതമാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്ത് അവര്‍ക്ക് നിര്‍മ്മാണം സുഗമമായി നടത്താന്‍ സഹായകമാവും വിധം ചിട്ടയായ ലോണ്‍ സൗകര്യം ആവശ്യാനുസരണം സിനിമാ രംഗത്ത് ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോം (നേരത്തെ ഈ സ്ഥാപനം ഒറാക്കിള്‍ മുവിസ് എന്നാണ് അറിയപ്പെട്ടിരുന്നത്) ബെറ്റര്‍ ഇന്‍വെസ്റ്റ്.ക്ലബ്ബ് എന്ന സാമ്പത്തിക സഹായ സ്ഥാപനവുമായി കൈ കോര്‍ത്തു കൊണ്ട് നിര്‍മ്മാതാക്കളെ സഹായിക്കാന്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ ഓ ടി ടി പ്ലാറ്റ് ഫോം, ഓഡിയോ കമ്പനി, ടിവി ചാനലുകള്‍ എന്നിവയുമായി കരാര്‍ ചെയ്തിട്ടുള്ള നിര്‍മ്മാതാക്കള്‍ക്ക് ഏഴു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സാമ്പത്തിക സഹായം നല്‍കുമെന്നാണു വാഗ്ദാനം. ഈ സഹായം ലഭിക്കുന്നതിനായി ഒരു ഈടിന്റെയും ആവശ്യമില്ല എന്നും പറയുന്നു. മേല്‍ പറഞ്ഞ ഓ ടി ടി, സാറ്റ് ലൈറ്റ് കമ്പനികളുമായി നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ പത്രം മാത്രം മതിയാവും.
ഇതു വരെ നാലു സിനിമകള്‍ക്ക് ഈ രീതിയില്‍ സാമ്പത്തിക സഹായം നല്‍കി കഴിഞ്ഞു. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ മറ്റു ഭാഷാ നിര്‍മ്മാതാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാനുള്ള സൗകര്യവും പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോമും ബെറ്റര്‍ ഇന്‍വെസ്റ്റ്.ക്ലബ്ബും ഏര്‍പ്പെടുത്തി കഴിഞ്ഞു. ഈ സംരംഭത്തെ കുറിച്ച് ബെറ്റര്‍ ഇന്‍വെസ്റ്റ്.ക്ലബ്ബിന്റെ സ്ഥാപകന്‍ പ്രദീപ് സോമു ഇങ്ങനെ വിശദീകരിച്ചു:-‘ മീഡയക്കും ഇതര വിനോദ മേഖലക്കും യഥാസമയം സാമ്പത്തിക സഹായം ലഭിക്കാറില്ല. ബെറ്റര്‍ ഇന്‍വെസ്റ്റില്‍ ഒ ടീ ടി, ഓഡിയോ ലേബല്‍സ്, സാറ്റ് ലൈറ്റ് നെറ്റ് വര്‍ക്കുകള്‍ എന്നിവയുമായി നിര്‍മ്മാതാക്കള്‍ ചെയ്യുന്ന കരാറുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കടം നല്കുന്നു. സിനിമാ മേഖലക്ക് നിലവില്‍ സാമ്പത്തിക സഹായം നല്‍കി വരുന്ന രീതിയെ ഇത് മാറ്റി പുന:ക്രമീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ കമ്പനികള്‍ക്ക് ബിസിനസിനെ തങ്ങളുടെ നിയന്ത്രണത്തില്‍ വെയ്ക്കുവാനും കഴിയുന്നു’
‘സിനിമകള്‍ പൂര്‍ത്തിയാവുന്ന സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് പ്രോജക്ട് പൂര്‍ത്തീകരിക്കാന്‍ തടസമായി വരുന്നു. ഒന്നിലധികം സിനിമകള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ബെറ്റര്‍ ഇന്‍വെസ്റ്റിന്റെ മേല്‍ പറഞ്ഞ പദ്ധതികള്‍ നിര്‍മ്മാതാക്കള്‍ക്ക് സിനിമയുടെ ബിസിനസ് സ്വതന്ത്രമായി നല്ല രീതിയില്‍ ആസൂത്രണം ചെയ്ത് നടത്തുവാന്‍ അവസരം സൃഷ്ടിക്കുന്നു’വെന്ന് പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോമിന്റെ സ്ഥപകരില്‍ ഒരാളായ ജി കെ തിരുനാവുക്കരശ് വിശദമാക്കി.
പ്രമുഖ ഐ ടി സാങ്കേതിക വിദഗ്ധന്‍ സെന്തില്‍ നായകം, തിരുനാവുക്കരശ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോം നേരത്തെ തന്നെ സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ട പല സേവനങ്ങളും നടത്തി വരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ നിര്‍മ്മാതാക്കളുടയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനകളും ഇവര്‍ക്ക് പൂര്‍ണ പിന്തുണ വാഗദാനം നല്‍കിയിട്ടുണ്ട് എന്നും ഇവര്‍ വ്യക്തമാക്കുന്നു. മലയാള സിനിമാ നിര്‍മാതാവ് രാമകൃഷ്ണന്‍ പാറക്കിലാണ് സ്ഥാപനങ്ങളുടെ കേരളത്തിന്റെ ചുമതലയുള്ള റീജണല്‍ ഹെഡ്.