സുൽത്താൻ ബത്തേരി: അസംപ്ഷൻ എ യു പി സ്ക്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനവും വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങും നടന്നു. കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനം വേദിയിൽ നടന്നു. 75 വർഷം പൂർത്തിയാകുന്നത് പ്രമാണിച്ച് 75 പ്രധാന പ്രവർത്തനങ്ങൾ ഈ വർഷം നടത്തും.

ഭവന നിർമ്മാണം, നിർധനരായ കുട്ടികൾക്ക് പഠന സഹായം, വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ചികിത്സ സഹായം തുടങ്ങി നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളും ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടക്കും. 1951 ൽ ആരംഭിച്ച വിദ്യാലയം 1653 വിദ്യാർത്ഥികളുമായി പൊതു വിദ്യാഭ്യാസ മേഖലയിൽ ജില്ലയിലെ ഏറ്റവും വലിയ യുപി സ്ക്കൂളാണിന്ന്.

സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ സ്റ്റാൻലി ജേക്കബ്, ഹിന്ദി അധ്യാപകൻ ടി ടി ബെന്നി എന്നിവർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. മാനേജർ ഫാ. തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.


മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്,പി റ്റി എ പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ, മുനിസിപ്പൽ കൗൺസിലർ ശ്രീമതി നിഷ സാബു, ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ സെബാസ്റ്റ്യൻ കെ എം,ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി ജെ ഷിജിത, ബത്തേരി ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ രാജൻ ടി, സ്കൂൾ ലീഡർ ആൻജോ സജി മറ്റ് സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാർ എന്നിവർ സംസാരിച്ചു.