കൊച്ചി: ഗാഡ്‌ജിയൺ സ്മാർട്ട് സിസ്റ്റംസ്, യു എസ് ടി, ഏൺസ്റ്റ് ആൻഡ് യങ് എന്നീ കമ്പനികൾ പുരുഷ, വനിത, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ ജേതാക്കളായി കൊച്ചി, ജനുവരി 31, 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കൊച്ചിയിലെ ഇൻഫോപാർക്കിൽ സംഘടിപ്പിച്ച യു എസ്
ടി ഗോൾ 2025 അന്തർ-സ്ഥാപന ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു തിരശീല വീണു. സമാപന ചടങ്ങിൽ, ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക
മൂന്നു വിഭാഗങ്ങളിലായി മത്സര ജേതാക്കൾക്ക് സമ്മാനിച്ചു. ഇൻഫോപാർക്ക് ഫേസ് 2 ലെ സൻസ്കാര സ്‌കൂൾ മൈതാനത്ത് അരങ്ങേറിയ വാശിയേറിയ മത്സരങ്ങളിൽ വിവിധ കമ്പനികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. പുരുഷ, വനിതാ ടീമുകളെക്കൂടാതെ മാസ്റ്റേഴ്സ് ഉൾപ്പടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തിൽ ഗാഡ്‍ജിയൺ സ്മാർട്ട് സിസ്റ്റംസിൽ നിന്നുള്ള ടീം ജേതാക്കളായി. സ്ട്രാഡയിൽ നിന്നുള്ള ടീമാണ് റണ്ണർ അപ്പ്. എക്സ്പീരിയണിൽ നിന്നുള്ള ടീമാണ് രണ്ടാമത്തെ റണ്ണർ അപ്പ്. സ്ട്രാഡായിൽ നിന്നുള്ള റിനേഷ് റൂബൻ അഞ്ചു ഗോളുകൾ നേടി ടോപ് സ്‌കോറർ ആയി. സ്ട്രാഡയിൽ നിന്നു തന്നെയുള്ള അശ്വിൻ പി എസ് മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഗാഡ്‌ജിയൺ താരമായ യാസിർ ആന്ത്രോത്ത് ഈ വിഭാഗത്തിൽ പ്ലേയർ ഒഫ് ദ ടൂർണമെന്റായി.

വനിതാ വിഭാഗത്തിൽ യു എസ് ടി യിൽ നിന്നുള്ള ടീം ജേതാക്കളായി. ടാറ്റാ കൺസൾട്ടൻസി സർവീസസ് ടീം റണ്ണർ അപ്പും കോഗ്നിസന്റിൽ നിന്നുള്ള ടീം രണ്ടാമത്തെ റണ്ണർ അപ്പുമായി. ആറു ഗോളുകൾ നേടിയ യു എസ് ടിയിലെ സൂര്യ പോൾ ടോപ് സ്കോറർ ആയപ്പോൾ, യു എസ് ടിയിലെ തന്നെ വിജയലക്ഷ്മി വിത്സൺ മികച്ച ഗോൾ കീപ്പറായി. യു എസ് ടി താരം അമിയ വർഗീസ് ആണ് പ്ലേയർ ഒഫ് ദ ടൂർണമെന്റ്.
മാസ്റ്റേഴ്സ് വിഭാഗത്തിൽ ഏൺസ്റ്റ് ആൻഡ് യങ് ജേതാക്കളായി. യു എസ് ടി ഒന്നാം റണ്ണർ അപ്പും, ടാറ്റാ കൺസൾട്ടൻസി സർവീസസ് രണ്ടാം റണ്ണർ അപ്പുമായി. ഏൺസ്റ്റ് ആൻഡ് യങ് താരം സുഭാഷ് ബാലൻ ഏഴു ഗോളുകൾ നേടി ടോപ് സ്കോറർ ആയപ്പോൾ, യു എസ് ടി യുടെ സ്റ്റീഫൻ ഇട്ടി മികച്ച ഗോൾകീപ്പറായി. ഏൺസ്റ്റ് ആൻഡ് യങ് ടീമിലെ അഖിൽ ജോൺസൺ ആണ് മാസ്റ്റേഴ്സ് വിഭാഗത്തിലെ പ്ലേയർ ഒഫ് ദ ടൂർണമെന്റ്.
45 കമ്പനികളിൽ നിന്നായി 68 ടീമുകൾ കഴിഞ്ഞ 3 ആഴ്‌ചക്കാലമായി 117 മത്സരങ്ങളിലാണ് മാറ്റുരച്ചത്. പുരുഷ വിഭാഗത്തിൽ 9 പേരടങ്ങുന്ന ടീമുകൾ മത്സരിച്ചപ്പോൾ, മാസ്റ്റേഴ്സ് വിഭാഗം ടീമുകളിൽ 7 പേർ വീതവും വനിതാ വിഭാഗത്തിൽ 5 പേര് വീതമടങ്ങുന്ന ടീമുകളുമാണ് മത്സരിച്ചത്. ഫ്‌ളഡ്‌ലൈറ്റുകൾക്ക് കീഴിലാണ് മത്സരങ്ങൾ അരങ്ങേറിയത്.
2007 ൽ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആദ്യം സംഘടിപ്പിച്ച യു എസ് ടി ഗോൾ ഫുട്ബോൾ ടൂർണമെന്റ് 2012 ലാണ് കൊച്ചി പതിപ്പിനു തുടക്കം കുറിച്ചത്. എട്ടാം പതിപ്പിൽ എത്തി നിൽക്കുന്ന ടൂർണമെന്റ് കൊച്ചി ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. വിജയികളായ ടീമുകൾക്ക് മുഖ്യാതിഥിതി ആയി എത്തിയ കൊച്ചി മെട്രോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ട്രോഫികളും സമ്മാനത്തുകയും കൈമാറി. യു എസ് ടി ഗോൾ 2025 ന്റെ സമാപനച്ചടങ്ങിൽ ഇൻഫോപാർക്ക്സ് കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുരുന്തിൽ; യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; തുടങ്ങി നിരവധിപ്പേർ സന്നിഹിതരായിരുന്നു. എ സി വി, സ്കൈലാർക്ക്, വെലോസിസ്, വാല്യൂ പോയിന്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, ചായ് ഹട്ട്, ലെക്സസ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
“കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച യു എസ് ടി ഗോൾ അന്തർ-സ്ഥാപന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങളെ അപേക്ഷിച്ച് വർധിത വീര്യത്തോടെയും ആവേശത്തോടെയുമാണ് ഈ വർഷത്തെ മത്സരങ്ങൾ നടന്നത്. കമ്പനികളുടെയും, ടെക്‌നോളജി പ്രഫഷനലുകളുടെയും എണ്ണത്തിലുള്ള വർദ്ധനവുകൊണ്ട് ധന്യമായ യു എസ് ടി ഗോൾ 2025 മത്സരങ്ങളിൽ മികച്ച പുതിയ കളിക്കാരെയും കാണാനായി. ജോലിയോടുള്ളതു പോലെത്തന്നെ കളിക്കളത്തോടുള്ള മമതയും, നല്ല ആരോഗ്യ ശീലങ്ങളും സുപ്രധാനമാണെന്ന് ടെക്‌നോളജി പ്രൊഫഷണലുകൾ വിശ്വസിക്കുന്നുണ്ടെന്നു കാണുമ്പോൾ ഏറെ ആവേശം തോന്നുന്നു. വിജയികളെ ഞാൻ അനുമോദിക്കുന്നു, ഒപ്പം പങ്കെടുത്ത എല്ലാപേർക്കും കൃതജ്ഞത അറിയിക്കുന്നു,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഇൻഫോപാർക്കിന്റെ പങ്കാളിത്തത്തോടെ യു എസ് ടി സംഘടിപ്പിച്ച യു എസ് ടി ഗോൾ 2025 ന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത വിരുന്നും സംഘടിപ്പിച്ചു.