ഹിന്ദി അധ്യാപക ക്ഷാമം; ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം: കെ എസ് ടി യു

Malappuram

തിരൂർ: സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി ഹിന്ദി അധ്യാപകരാകാനുള്ള യോഗ്യത നേടിയവരുടെ എണ്ണം കുറവായതിനാൽ കോളേജുകളിൽ ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

നിലവിൽ പല എയ്ഡഡ്, ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ യോഗ്യരായ ഹിന്ദി അധ്യാപകരെ ലഭിക്കാതെ വരുന്നു. മുമ്പ് ബിഎ.ഹിന്ദിക്ക് പകരമായി ഹിന്ദി പ്രചാര സഭ യുടെ കോഴ്സുകൾ പല സ്വകാര്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. എന്നാൽ അധ്യാപക യോഗ്യതയിൽ വന്ന പുതിയ പരിഷ്കരണത്തിലെ ആശങ്കയിൽ ഡിഗ്രിക്ക് തുല്യമായി സഭകൾ നടത്തിയിരുന്ന കോഴ്സുകൾ നിർത്തലാക്കിയതിനാലും യൂനിവേഴ്സിറ്റിക്ക് കീഴിലെ റഗുലർ കോളേജുകളിൽ ഹിന്ദിയിൽ ബിഎ, എം എ കോഴ്സുകളും ബിഎഡ് കോഴ്സും കുറവായതിനാൽ യോഗ്യരായ ഹിന്ദി അധ്യാപകരെ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്.

ഹിന്ദി ബിഎ , എം എ കോഴ്സുകളും ഹിന്ദി ബിഎഡ് ട്രൈനിങ്ങ് കോഴ്സും ഉടൻ ആരംഭിക്കണമെന്നും നിയമിതരായ എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഓഫീസർമാർ അധ്യാപകരെ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് നീതികരിക്കാനിവില്ലെന്നും അഭിപ്രായപ്പെട്ടു. ഫെബ്രുവരി 6 ന് തിരുവനന്തപുരത്ത് നടക്കുന്ന സെറ്റ്കോ സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കാനും 20 ന് പൊന്നാനിയിൽ അധ്യാപക ക്യാമ്പ് നടത്താനും തീരുമാനിച്ചു.

തിരൂർ കുഞ്ഞു ഹാജി സ്മാരക സൗധത്തിൽ നടന്ന കെ എസ് ടി യു ലീഡേഴ്സ് ക്യാമ്പ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി. സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ് വി.എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി പി.ജെ. അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഇ.പി.എ. ലത്തീഫ്, ജില്ലാ ഓർഗസൈസിംങ്ങ് സെക്രട്ടറി ബഷീർ തൊട്ടിയൻ, അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, സെക്രട്ടറി സി.ടി. ജമാലുദ്ധീൻ, വനിതാ വിഭാഗം ചെയർ പേഴ്സൺ ടി.വി. റംഷീദ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

യൂനുസ് മയ്യേരി , റഹീം വലപ്പത്ത്, സുധീർ കൂട്ടായി , റഫീഖ് പാലത്തിങ്ങൽ, യാസിർ ചെമ്പ്ര , കാസിം എടപ്പാൽ, മജീദ് വന്നേരി , കെ കെ. നസീം, സി.എ. അബ്ദു റസാക്ക്, എം. മുഹമ്മദ് പ്രിൻസ് എന്നിവർ സംസാരിച്ചു.