വഖഫ് ഭേദഗതി കേസ്; സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണം: കെ.എന്‍.എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട് : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് വിചാരണവേളയില്‍ ജഡ്ജിമാര്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങളുടെ പേരില്‍ പരമോന്നത കോടതിക്കെതിരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ഗൗരവതരമായി കാണണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിധി പറയാനുള്ള മാനസികാവസ്ഥ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സൈബര്‍ ആക്രമണത്തെ ശക്തമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാവണം. നീതിയുക്തവും ഭരണഘടനാപരമായും വിധി പറയുവാന്‍ നിയമജ്ഞര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

ഭരണഘടനയെയും നീതിന്യായ സംവിധാനത്തെയും സംരക്ഷിക്കാന്‍ ബോധ്യപ്പെട്ട ഉപരാഷ്ട്രപതിയും ഗവര്‍ണറും രാജ്യത്തിന്റെ പരമോന്നത കോടതിക്കെതിരില്‍ അധിക്ഷേപ പ്രസ്താവന അംഗീകരിക്കാവതല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമി തിരിച്ചെടുക്കാനും കയ്യേറ്റക്കാരില്‍ ഭവന രഹിതരായവരെ പുനരധിവസിപ്പിക്കാനും വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ വര്‍ഗീയ വിദ്വേഷ പ്രചാരണം സംസ്ഥാനത്ത് നിര്‍ബാധം തുടര്‍ന്നിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുന്നത് നീതീകരിക്കാനാവില്ല. മുസ്‌ലിംകള്‍ക്കെതിരില്‍ പരസ്യമായി സായുധാക്രമണത്തിന് ആഹ്വാനം ചെയ്യുന്നവരെയും മുസ്‌ലിംകള്‍ക്കെതിരില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രന്‍സിപല്‍ സെക്രട്ടറി കെ.എം അബ്രഹാമിനെ മാറ്റി നിര്‍ത്തണം.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അഹ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ.പി സകരിയ്യ, മുജീബ് റഹ്മാന്‍ (യു.എ.ഇ), യു പി അമീര്‍ (കുവൈത്ത്) അബുല്‍ മജീദ് സുല്ലമി, എ ടി ഹസ്സന്‍ മദനി, പി.പി. ഖാലിദ്, കുഞ്ഞമ്മദ് മദനി, സല്‍മ ടീച്ചര്‍, ഹാസില്‍ മുട്ടില്‍, ഫഹീം പുളിക്കല്‍, കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി, ടി ഇബ്‌റാഹിം അല്‍സാരി, ബി.പി.എ ഗഫൂര്‍, ആബിദ് മദനി, ടി.പി. ഹുസൈന്‍ കോയ, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, കെ. അസീസ് മാസ്റ്റര്‍, ഡോ. യു. പി യഹ്‌യാഖാന്‍, അബ്ദുറശീദ് ചതുരാല, അക്ബര്‍ കാര്‍പ്പറമ്പ് പ്രസംഗിച്ചു.