കല്പറ്റ: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കേളി 23 കുടുംബശ്രീ ഫെസ്റ്റില്‍ മൂന്നാം ദിനം ഗോത്ര മേളയുടെ വൈവിധ്യം കൊണ്ട് സമ്പന്നമായി. നിറഞ്ഞ സദസ്സില്‍ അടിയരുടെ ഗദ്ദികയും കാട്ടുനായ്ക്കരുടെ കൂനാട്ടയും പണിയരുടെ വട്ടക്കളിയും ആടി തിമിര്‍ത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി മുഖ്യാഥിതിയായ ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ സജ്‌ന സി എന്‍, രജനി ജനീഷ്, സൗമിനി എ, റെഹാനത് ബഷീര്‍, പാലോറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ബി സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി സ്വാഗതവും തിരുനെല്ലി സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.