കണ്ണൂര്‍: സ്വന്തം അനുഭവങ്ങള്‍ നോവലാക്കുമ്പോഴാണ് വായനക്കാരില്‍ നിന്ന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. ദല്‍ഹിയില്‍ ജീവിച്ച തന്റെ അനുഭവം മുന്‍നിറുത്തി ദല്‍ഹി നോവല്‍ രചിച്ചപ്പോള്‍ തനിക്കിത് നേരിട്ട് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ജെ സി ബി സാഹിത്യ സമ്മാനം 2022 ലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വല്ലി നോവലിനെക്കുറിച്ചുള്ള സാഹിത്യ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.
കണ്ണൂര്‍ സിറ്റി സെന്ററിലെ ഡി സി ബുക്‌സിലാണ് പരിപാടി സംഘടിപ്പിച്ചത്. നഷ്ടബോധമാണ് എഴുത്തുകാരന്റെ സര്‍ഗാത്മകതയെ ഉണര്‍ത്തുന്നതെന്നും ഇതുകൊണ്ടാണ് പ്രവാസ ജീവിതം നയിക്കുന്നവരില്‍ നിന്ന് നല്ല കൃതികള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നല്ല വായനക്കാരനായി മാറിയാലേ പിന്നീട് നല്ല എഴുത്തുകാരനായി മാറുവാന്‍ സാധിക്കുകയുള്ളൂവെന്നും മുകുന്ദന്‍ പറഞ്ഞു. വയനാട്ടില്‍ ജനിച്ചു വളര്‍ന്നുവെന്നതിലാണ് വയനാട്ടിനെ അടുത്തറിഞ്ഞ ഒരു നോവല്‍ എഴുതുവാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ സംസാരിച്ച നോവലിസ്റ്റ് ഷീലാ ടോമി പറഞ്ഞു.