തളിപ്പമ്പമ്പ: 12-ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കേണ്ട സമയം അതിക്രമിച്ചിട്ടും നിയമനം നടത്താതെ നീട്ടികൊണ്ടു പോകുന്ന സര്‍ക്കാര്‍, 11-ാം ശമ്പള പരിഷ്‌ക്കരണത്തില്‍ ഉത്തരവായ രണ്ടു ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നല്‍കാതെ പെന്‍ഷന്‍കാരെ വഞ്ചിച്ചിരിക്കയാണെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് 39-ാം സമ്മേളനം ആരോപിച്ചു. 18 ശതമാനം ക്ഷാമബത്ത കുടിശികയാക്കിയത് ഇത് വരെ കേട്ടുകേള്‍വിയില്ലാത്തതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാര്‍ പ്രതിസന്ധിയിലകപ്പെട്ട ജനസാമാന്യത്തിന്റെ സങ്കട കാഴ്ചകള്‍ കാണാതെ ലക്ഷ്വറി ബസില്‍ വിനോദയാത്ര നടത്തി ആഹ്ലാദിക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി പ്രചരിപ്പിക്കുന്ന സര്‍ക്കാറിന്റെ ധൂര്‍ത്തിനും ആഘോഷങ്ങള്‍ക്കും കുറവില്ലെന്നും ഇതിനുള്ള തുക ചിലവഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നും 80,000 പെന്‍ഷന്‍കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ മരണമടഞ്ഞിരിക്കയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

തടഞ്ഞുവെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നല്‍കുക, 18 ശതമാനം ഡി.എ കുടിശിക അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, 12ാം ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ ഉടനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു
അക്കിപ്പറമ്പ യു.പി സ്‌കൂളില്‍ സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാമകൃഷ്ണന്‍, രവീന്ദ്രന്‍ കൊയ്യോടന്‍, ജില്ലാ പ്രസിഡന്റ് കെ.മോഹനന്‍, ബ്ലോക്ക് സെക്രട്ടറി പി.ടി.പി മുസ്തഫ,ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു, കെ.പി.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി കെ.പി വിജേഷ്, ഡോ. പി.സതീശന്‍, പി.ജെ മാത്യു, കെ.പി ആദം കൂട്ടി പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി വേലായുധനും, സംഘടനാ ചര്‍ച്ച ജില്ലാ സെക്രട്ടറി കെ.സി രാജനും ഉദ്ഘാടനം ചെയ്തു. വന്നതാ ഫോറത്തിന്റെ തിരുവാതിരയും കലാപരിപാടികളും അരങ്ങേറി.
ഭാരവാഹികള്‍: പി.ടി.പി മുസ്തഫ (പ്രസിഡന്റ്), സി.ശ്രീധരന്‍, മേരിക്കുട്ടി ജോണ്‍, ഡോ. പി.സതീശന്‍, കെ.ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്) കെ.വി പ്രേമരാജന്‍ (സെക്രട്ടറി) കെ.ഇ രാമന്‍ നമ്പൂതിരി ,എം.ചന്ദ്രന്‍ മാസ്റ്റര്‍, പി.എ കുര്യാക്കോസ്, കെ.ആര്‍ ചന്ദ്രശേഖരന്‍ (ജോ. സെക്രട്ടറി) എ.കെ ഗംഗാധരന്‍ (ട്രഷറര്‍) വനിതാ ഫോറം: ഒ.വി ശോഭന (പ്രസിഡന്റ്) എം.കെ കാഞ്ചനകുമാരി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.