കടനാട്: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ കുടിവെള്ള പദ്ധതിക്കുള്ള പുരസ്‌കാരം കടനാട് പഞ്ചായത്തിലെ കൈതയ്ക്കല്‍ പൂതക്കുഴി കുടിവെള്ള പദ്ധതിയ്ക്കു ലഭിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്ന സാമൂഹ്യ കുടിവെള്ള സമിതികളുടെ സംസ്ഥാന തല സംഗമത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ജയ്‌സി സണ്ണി, ജയ്‌സണ്‍ പുത്തന്‍കണ്ടം, ജോണി അഴകന്‍പറമ്പില്‍, ടോമി അരീപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി 800ഓളം കുടുംബങ്ങള്‍ക്ക് 24 മണിക്കൂറും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. 2019 ല്‍ ആരംഭിച്ച ജലനിധി സുസ്ഥിര പദ്ധതിയില്‍ പെടുത്തി പഞ്ചായത്തിലെ 23 കുടിവെള്ള പദ്ധതികള്‍ക്കായി ഇന്നേവരെ 3.5 കോടിയോളം രൂപ മുടക്കിയെങ്കില്‍ 65 ലക്ഷം രൂപയാണ് ഈ കുടിവെള്ള പദ്ധതിക്ക് ചിലവൊഴിച്ചത്. കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജയസണ്‍ പുത്തന്‍കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണ സമിതിയും ഉഷ രാജുവിന്റെ നേത്യത്വത്തിലുള്ള നിലവിലെ ഭരണ സമിതിയുടെയും കര്‍മ്മനിരതരായ കമ്മറ്റിയംഗങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് നിലവില്‍ ഈ സമിതിയ്ക്ക് ഇത്തരമൊരു പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചത് എന്ന് സമിതി പ്രസിഡന്റ് ജോണി അഴകന്‍ പറമ്പില്‍, സെക്രട്ടറി ടോമി അരീപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.