ന്യൂഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കാന്‍ സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളുമായും കൈകോര്‍ക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും നിയമനിര്‍മ്മാണ സഭയെയും എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും വ്യവസ്ഥാപിതമായി തകര്‍ക്കുകയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തോടുള്ള ആഴത്തില്‍ വേരൂന്നിയ അവഗണനയാണ് കാണിക്കുന്നതെന്നും സോണിയ ദ ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കളില്‍ നിന്ന് വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വേലിയേറ്റത്തെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും ഒരിക്കല്‍ പോലും സമാധാനത്തിനോ ഐക്യത്തിനോ വേണ്ടി ആഹ്വാനം ചെയ്യുകയോ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്നും സോണിയ ആരോപിച്ചു.മതപരമായ ഉത്സവങ്ങള്‍ മറ്റുള്ളവരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള അവസരമായി മാറിയിരിക്കുന്നു . സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള അവസരങ്ങള്‍ അകലെയായിക്കൊണ്ടിരിക്കുകയാണ്. ജാതി,മതം,ഭക്ഷണം, ലിംഗം അല്ലെങ്കില്‍ ഭാഷയുടെ പേരിലാണ് ഭീഷണിയും വിവേചനവുമുള്ളതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.