നീതിക്കായ് ബല്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍

Crime India News

ബല്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്

ന്യൂദല്‍ഹി: കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ബില്‍ക്കീസ് ബാനുവിന്റെ ഹരജി പരിഗണിക്കും. ബല്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.

കൂട്ടബലാത്സംഗത്തിനും ബല്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി ബി ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. 15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ് അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തത്.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *