വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോട്ടയം: ഗവേഷണ കണ്ടുപിടുത്തങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം അക്കാദമിക്, വ്യവസായ മേഖലകളെ ബന്ധപ്പിക്കുന്നതിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഇന്‍ഡസ്ട്രി അക്കാദമിയ ഇന്റര്‍ഫേസ് സെന്റര്‍ തുടങ്ങും. ഈ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ സീഡ് മണി അനുവദിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം ശിപാര്‍ശ ചെയ്തു.
സര്‍വകലാശാലയിലെ സന്ദര്‍ശന വേളയില്‍ ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മനസിലാക്കിയ വ്യവസായ മന്ത്രി പി. രാജീവിന്റെ നിര്‍ദേശപ്രകാരം സര്‍വകലാശാല സര്‍ക്കാരിന് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. കേന്ദ്രം സ്ഥാപിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുറയ്ക്ക് സര്‍ക്കാരില്‍നിന്ന് മതിയായ സഹായം നല്‍കുമെന്ന് മന്ത്രി അറിച്ചു. ഈ സാഹചര്യത്തിലാണ് ഇന്‍ഡസ്ട്രി അക്കാദമിയ ഇന്റര്‍ഫേസ് സെന്റര്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി സര്‍വകലാശാല മുന്നോട്ടു പോകുന്നത്.
യു.എസ്. ന്യൂസിന്റെ റാങ്കിംഗില്‍ പോളിമെര്‍ സയന്‍സ് പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി അടുത്തയിടെ എം.ജി സര്‍വകലാശാല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നിലവിലെ സൗകര്യങ്ങള്‍ക്കു പുറമെ
സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും ഉടന്‍ ആരംഭിക്കും. ഈ കേന്ദ്രത്തിന്റെ ഓണററി ഡയറക്ടറായി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രഫര്‍ ഡോ.എം.എസ്. ശ്രീകലയെ നിയോഗിക്കാനും സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്തു.
ഇമേജിംഗ്, സ്‌പെക്ട്രോസ്‌കോപ്പി, മെറ്റീരിയല്‍ പ്രോസസിംഗ്, കമ്യൂണിക്കേഷന്‍ മേഖലകളിലെ വിപുലമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിലവിലെ ഗവേഷണങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഫിസിക്‌സിനു കീഴില്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അള്‍ട്രാ ഫാസ്റ്റ് സ്റ്റഡീസ് എന്ന ഇന്റര്‍ സ്‌കൂള്‍ കേന്ദ്രം സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു ലക്ഷം രൂപ അനുവദിക്കും.
സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസും സര്‍വകലാശാലയിലെ 12 സ്‌കൂളുകളുടെ കീഴില്‍ മികച്ച വിജ്ഞാന ശാഖകളില്‍ പഠന വകുപ്പുകളും ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം നല്‍കുന്ന കേന്ദ്രമായാണ് സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് വിഭാവനം ചെയ്തിരിക്കുന്നത്.
നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പഠന വകുപ്പുകളിലെ അധ്യാപകരുടെ സേവനം വേണ്ടതിനാല്‍ 202223 വര്‍ഷത്തെ മധ്യവേനല്‍ അവധി മെയ് 15ന് ആരംഭിക്കുന്ന വിധത്തില്‍ പുനക്രമീകരിക്കും. ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനുള്ള പഠന വകുപ്പുകളുടെ മേധാവികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഗസ്റ്റ് അധ്യാപകരുടെ കരാര്‍ കലാവധി രണ്ടു മാസം കൂടി നീട്ടി നല്‍കാനും യോഗം ശുപാര്‍ശ ചെയ്തു.