ഡോ. അംബേദ്കറെക്കുറിച്ചുള്ള സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ നിലപാട് രേഖാപരമായി പ്രസിദ്ധീകരിക്കാനുള്ള കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഫലമായിട്ടാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ ആർ.മനസ്സയ്യ, ശങ്കർ, വിജയ് കുമാർ എന്നിവർ ചേർന്ന് ‘ഡോ. ബി.ആർ. അംബേദ്കർ: ഒരു വിപ്ലവ കമ്യൂണിസ്റ്റ് വീക്ഷണം’ എന്ന ലഘു ഗ്രന്ഥം രചിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയതും ദീർഘകാലമായി നിലനിൽക്കുന്നതുമായ ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണമായ ബി.ജെ.പി നയിക്കുന്ന ഫാസിസ്റ്റ് ഭരണത്തിൻ കീഴിൽ ഇന്ത്യ നില കൊള്ളുന്ന ഈ പ്രത്യേക സന്ദർഭത്തിൽ, തന്റെ ജീവിതത്തിലുടനീളം ആർ.എസ്.എസിനെ എതിർത്ത ഡോ. അംബേദ്കറുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള സംവാദം ഇന്ത്യൻ രാഷ്ട്രീയ വ്യവഹാര രംഗങ്ങളിൽ ആവർത്തിച്ച് കടന്നുവന്നു കൊണ്ടിരിക്കയാണ്.
1927 ഡിസംബർ 25-ന് അംബേദ്കർ ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര വഴികാട്ടിയായ മനുസ്മൃതി കത്തിച്ചത്, 1936-ൽ അംബേദ്കർ ‘ജാതി ഉന്മൂലനം’ പ്രസിദ്ധീകരിച്ചത്, മനുസ്മൃതി ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടന മാറ്റാനുള്ള ആർ.എസ്.എസിന്റെ ആവശ്യം നിരസിച്ച് അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന ഭരണഘടനാ അസംബ്ലി 1949 നവംബർ 26-ന് അംഗീകരിച്ചത്, 1949 ഡിസംബർ 12-ന് നെഹ്രുവിൻ്റെയും അംബേദ്കറുടെയും കോലങ്ങൾ ആർ.എസ്.എസ് കത്തിച്ചത് തുടങ്ങിയ ചരിത്ര സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത് പോലെ, മനുവാദി ഹിന്ദുത്വത്തിന്റെ കടുത്ത ശത്രുവെന്ന നിലയിൽ അംബേദ്കറുടെ സ്ഥാനം മറ്റെല്ലാവരെക്കാളും വളരെ ഉയർന്നതായിരുന്നു. എന്നിരുന്നാലും, ഇന്ന് ഇന്ത്യൻ ജനതയുടെ മുന്നിലുള്ള നിർണായക ദൗത്യം ആർ.എസ്.എസ് ഫാസിസത്തെ പരാജയപ്പെടുത്തുക എന്നതാണ്. എന്നാൽ, ഇടതുപക്ഷത്തിന്റെ വിശാലമായ മേഖലയിലും പൊതുജനങ്ങളിലും അംബേദ്കറെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ പശ്ചാത്തലമാണ് പാർട്ടി സഖാക്കളെ രാഷ്ട്രീയവൽക്കരിക്കാനും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുമായി ഡോ. അംബേദ്കറെക്കുറിച്ചുള്ള ലളിതവും വ്യക്തവുമായ ഒരു സമീപന രേഖ പുറത്തിറക്കാൻ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിനെ പ്രേരിപ്പിച്ചത്.
വിശാല ഇടത്, കമ്മ്യൂണിസ്റ്റ് വിഭാഗങ്ങൾക്കുള്ളിലും നവലിബറൽ റിവിഷനിസ്റ്റുകൾ മുതൽ വിഭാഗീയ/സാഹസിക ക്യാമ്പ് വരെയുള്ളവരിലും അംബേദ്കറെക്കുറിച്ചുള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ വ്യക്തമായി തന്നെ നിലവിലുണ്ട്. പലപ്പോഴും വലതുപക്ഷ അവസരവാദികളും ഇടത് സാഹസികവാദികളും അംബേദ്കറെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തുന്നതിൽ ഒരേപോലെ ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായി കാണാം. ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ സാമൂഹിക സ്ഥാപനമായ ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അവരുടെ യൂറോകേന്ദ്രീകൃതവും യാന്ത്രികവും ലഘൂകരണപരവുമായ സമീപനവുമായി ഇത് എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.
മനുവാദി ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയെ പ്രത്യയശാസ്ത്ര അടിത്തറയാക്കി ആർ.എസ്.എസ്-കോർപ്പറേറ്റ് ഫാസിസം ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഭ്രാന്തമായ വേഗത്തിൽ മുന്നേറുമ്പോൾ, പല സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റുകളും ജാതിയെക്കുറിച്ചുള്ള തങ്ങളുടെ കടുത്ത നിലപാടുകൾ പുനഃപരിശോധിക്കാനും ഹിന്ദുത്വത്തിൻ്റെ ഏറ്റവും വലിയ ശത്രുവായ അംബേദ്കറോടുള്ള തങ്ങളുടെ സമീപനം തിരുത്താനും ഇന്നും മടിക്കുന്നു. അംബേദ്കറെക്കുറിച്ചുള്ള സ്വയം വിമർശനാത്മകവും വസ്തുനിഷ്ഠവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ തൊഴിലാളിവർഗ്ഗവും സ്ത്രീകളും ഒക്കെയായ വലിയൊരു ജനവിഭാഗത്തെ കേവലം ഉപമനുഷ്യരായി കണക്കാക്കുന്ന ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ഒരു വ്യക്തമായ സമീപനത്തോടെ, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ 2011-ലെ ഒമ്പതാം പാർട്ടി കോൺഗ്രസ്സിൽ ഡോ.അംബേദ്കറെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തുകയും അതിനോടൊപ്പം ജാതി ഉന്മൂലന പ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിയ്ക്കുകയും ചെയ്തത് ഈ പശ്ചാത്തലത്തിലായിരുന്നു.
വാസ്തവത്തിൽ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രാരംഭ ഘട്ടങ്ങളിൽ, അന്നത്തെ കോളനി, അർദ്ധ കോളനി രാജ്യങ്ങളിലെ ജനകീയ ജനാധിപത്യ വിപ്ലവത്തിനായുള്ള കോമിൻ്റേണിന്റെ മാർഗ്ഗനിർദ്ദേശ തത്വങ്ങളെ അടിസ്ഥാനമാക്കിയും, കോമിൻ്റേണിന്റെ തന്നെ തന്ത്രപരമായ ആഹ്വാനമായ ‘ലോകത്തിലെ തൊഴിലാളികളും അടിച്ചമർത്തപ്പെട്ട ജനങ്ങളും ഒന്നിക്കുക’ എന്നതിനെ അടിസ്ഥാനമാക്കിയും, ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും കോളനിവാഴ്ചയിൽ നിന്നും അതിന്റെ ഇന്ത്യൻ ദല്ലാളൻമാരിൽ നിന്നുമുള്ള വിമോചന പ്രക്രിയയുടെ അവിഭാജ്യ ഘടകമായിത്തന്നെ ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജാതി വിഭാഗങ്ങളുടെ മോചനത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു. 1930-ൽ സി.പി.ഐ പുറത്തിറക്കിയ ‘പ്രവർത്തനത്തിനുള്ള കരട് പ്ലാറ്റ്‌ഫോം’, സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമായി ‘ജാതി നിർമ്മാർജ്ജനം’ ചൂണ്ടിക്കാണിച്ചത് ഈ കോമിന്റേൺ കാഴ്ചപ്പാടിന് അനുസൃതമായിരുന്നു. ഇതിൻ്റെ തുടർച്ചയായും അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ പ്രസിദ്ധീകരിച്ചതിനു ശേഷവും, 1930-കളിൽ സി.പി.ഐയും അംബേദ്കറും വളരെ സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്നു.
എന്നിരുന്നാലും, ഇന്ത്യയുടെ ചരിത്രപരമായ ജാതി-വർഗ്ഗ സംയോജനത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട്, ജാതിയെ ഒരു ഉപരിഘടനാപരമായ പ്രതിഭാസമായി വിലയിരുത്തുന്ന, യാന്ത്രികവും ലഘൂകരണപരവുമായ സമീപനം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ, സ്ഥിതിഗതികൾ ഗണ്യമായി മാറാനും സി.പി.ഐയും അംബേദ്കറും തമ്മിലുള്ള ബന്ധം വഷളാകാനും തുടങ്ങി. കമ്മ്യൂണിസ്റ്റുകാർ ജാതി അടിച്ചമർത്തലുകളെയും ജാതി വിവേചനത്തെയും എതിർക്കുന്നത് തുടരുന്നുണ്ടെങ്കിലും, അവരുടെ രേഖകൾ ജാതി ഉന്മൂലനം അല്ലെങ്കിൽ ജാതി നിർമ്മാർജ്ജനം എന്നിവയെക്കുറിച്ച് മൗനം പാലിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ജാതി-ഹിന്ദു സമീപനത്തെ അംബേദ്കർ ശക്തമായി എതിർത്തിരുന്നു. ‘രാഷ്ട്രീയ സ്വേച്ഛാധിപത്യത്തേക്കാൾ’ ‘സാമൂഹിക സ്വേച്ഛാധിപത്യം’ കൂടുതൽ അടിച്ചമർത്തുന്നതാണെന്ന തന്റെ മുൻഗണനകളെ കണക്കിലെടുത്താണ് അദ്ദേഹം അത്തരത്തിൽ എതിർത്തത്. അതേസമയം, കമ്മ്യൂണിസ്റ്റ് നേതാക്കൾ അംബേദ്കറെ ‘സാമ്രാജ്യത്വത്തിന്റെ കയ്യിലെ പാവ’ എന്ന് മുദ്രകുത്താൻ തുടങ്ങി. അംബേദ്കർ കമ്മ്യൂണിസ്റ്റ് നേതാക്കളെ ‘ബ്രാഹ്മണക്കുട്ടികൾ’ എന്നു അഭിസംബോധന ചെയ്യുകയും ചെയ്തു.
ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ, കമ്മ്യൂണിസ്റ്റുകൾക്കും അംബേദ്‌കറിനും തൊഴിലാളിവർഗ്ഗത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും ഒരു തന്ത്രപരമായ ഐക്യമുന്നണി രൂപീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഇന്ത്യയുടെ ചരിത്രം അടിസ്ഥാനപരമായി വ്യത്യസ്തമാകുമായിരുന്നു എന്നു കാണാൻ കഴിയും. ഇതിനായി, തൊഴിലാളി വിഭജനം, മിച്ചമൂല്യ ശേഖരണം, ഭൂമി കൈവശം വയ്ക്കൽ, സമ്പത്ത് കൈവശപ്പെടുത്തൽ, രാഷ്ട്രീയ അധികാരം, സാംസ്കാരിക ആധിപത്യം തുടങ്ങിയ വിഷയങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള, ജാതിയിൽ വേരൂന്നിയ ഇന്ത്യൻ സമൂഹത്തിലെ വസ്തുനിഷ്ഠമായ സാഹചര്യങ്ങൾക്കനുസരിച്ച് കമ്മ്യൂണിസ്റ്റ് നേതൃത്വം ഒരു വർഗ്ഗ വിശകലനം നടത്തേണ്ടതുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ച് നേരിട്ടുള്ള വിവരങ്ങൾ ഇല്ലാതിരുന്നിട്ടും, മാർക്സ്, ലഭ്യമായ ദ്വിതീയ വിവരങ്ങളെ അടിസ്ഥാനമാക്കി, ഏംഗൽസിനൊപ്പം അദ്ദേഹം യൂറോപ്യൻ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത മുതലാളിത്ത ‘ഉൽപാദന രീതി’ അല്ലെങ്കിൽ സാമൂഹിക രൂപീകരണം എന്ന ആശയം ഇന്ത്യയ്ക്ക് അതേപടി ബാധകമാക്കാനാവില്ലെന്ന് വ്യക്തമായി പ്രസ്താവിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ‘ഏഷ്യാറ്റിക് ഉൽപാദന രീതി’ എന്ന ആശയം മുന്നോട്ടുവച്ചത്. എന്നിരുന്നാലും, പിൽക്കാല കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നേരിട്ട ആഗോള പ്രത്യയശാസ്ത്രപരമായ തിരിച്ചടികളുടെ ഭാഗമായി ആ ആശയം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്.
വട്ട മേശ സമ്മേളനത്തിൽ വെച്ച്, ഇന്ത്യയിലെ അസ്പൃശ്യ വിഭാഗങ്ങൾക്കായി പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടതിന് അംബേദ്കറെ വിമർശിച്ച ഇ.എം.എസ്. പോലുള്ള യാന്ത്രിക കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലക്രമേണ ഇന്ത്യയിലെ മാർക്സിസ്റ്റ് പണ്ഡിതന്മാർ പോലും ആധുനികതയുടെ മുന്നേറ്റം ജാതിയെ ഇല്ലാതാക്കുമെന്ന യാന്ത്രിക ചിന്താഗതി പ്രചരിപ്പിക്കാൻ തുടങ്ങി. സ്വയം കമ്മ്യൂണിസ്റ്റ് നേതാക്കളെന്ന് അവകാശപ്പെടുന്ന പലരും ജാതി ഇന്ത്യൻ നാടുവാഴിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞെങ്കിലും, ജാതി അടിത്തറയിലെയും ഉപരിഘടനയിലെയും തലങ്ങളിൽ വ്യാപിക്കുന്നുവെന്നും, നാടുവാഴിത്തത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് മാറാൻ അതിന് സാധിക്കുമെന്നും (ഒരു സാമൂഹിക വ്യവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ സാധിക്കുമെന്നും) മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. സാമ്പത്തിക പരിവർത്തനവും ശാസ്ത്രീയ-സാങ്കേതിക പുരോഗതിയും ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഭൗതിക അടിത്തറയെ ദുർബലപ്പെടുത്തുകയും, അത് ക്രമേണ ഉപരിഘടനയിലേക്ക് ഒതുങ്ങുകയും ചെയ്യും എന്നാണവരുടെ അഭിപ്രായം. എന്നാൽ ജാതിയും തൊട്ടുകൂടായ്മയും ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സിംഹാസനത്തിൽ സുരക്ഷിതമായി കുടി കൊള്ളുന്നു എന്നതും ആധുനിക സാങ്കേതികവിദ്യയുടെ കോട്ടയെന്ന് വിളിക്കപ്പെടുന്ന സിലിക്കൺ വാലിയിലേക്ക് പോലും അവ കുടിയേറുന്നതുമാണ് ഇന്ന് നമുക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നത്.
നവലിബറൽ കാലഘട്ടത്തിൽ, സിപിഐ(എം) പോലുള്ള അപരാഷ്ട്രീയവൽക്കരിക്കപ്പെട്ട പാർട്ടികൾ കൈക്കൊള്ളുന്ന ജാതിയോടുള്ള ഈ യാന്ത്രികവും ലഘൂകരണപരവുമായ സമീപനം, അംബേദ്കർ അതികഠിനമായ പരിശ്രമത്തിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെ ദുർബലപ്പെടുത്താനുള്ള അവരുടെ നീക്കത്തിലൂടെ കൂടുതൽ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് 1970-കളുടെ അവസാനത്തിൽ മണ്ഡൽ കമ്മീഷനുമായി ജ്യോതി ബസു സഹകരിക്കാതിരുന്നതും, ‘പശ്ചിമ ബംഗാളിൽ പണക്കാരെന്നും പാവപ്പെട്ടവരെന്നും രണ്ട് ജാതികൾ മാത്രമേയുള്ളൂ’ എന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ യാന്ത്രിക മറുപടിയും വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. കോൺഗ്രസും പിന്നീട് ഹിന്ദുത്വ ഫാസിസ്റ്റുകളും ഉയർന്ന ജാതിക്കാർക്ക് വേണ്ടി 10 ശതമാനം EWS നടപ്പിലാക്കുന്നതിനായി ഭരണഘടനയുടെ സ്വഭാവം മാറ്റാൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കുന്നതിന് മുമ്പ്, 1990 നവംബർ 4-ന് ഇഎംഎസ് നയിച്ച സിപിഐ (എം) കേന്ദ്ര കമ്മിറ്റിയാണ് സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. ഇത്തരത്തിൽ അവർ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ദുർബലപ്പെടുത്തുകയായിരുന്നു.
അംബേദ്കറോടുള്ള സമീപനം ജാതി പ്രശ്നത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല. ജാതിയെക്കുറിച്ചുള്ള നിലപാടുകളിൽ അദ്ദേഹവുമായി അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനാലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതൃത്വം അംബേദ്കറിൽ നിന്ന് അകന്നുപോയത് എന്നത് ചരിത്രപരമായ വസ്തുതയാണ്. അംബേദ്കറിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുമായി സൗഹൃദപരമായ ബന്ധം ഇല്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ജീവിതകാലത്ത് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം വളരെ സൗഹാർദ്ദപരമായിരുന്നു. ഇന്ത്യയിലെ തൊഴിലാളിവർഗ്ഗവും അടിച്ചമർത്തപ്പെട്ടവരും തമ്മിൽ ഐക്യം നേടിയെടുക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ, ഈ ഗൗരവകരമായ വിഷയത്തിൽ വസ്തുനിഷ്ഠമായ ഒരു ആത്മപരിശോധന നടത്തേണ്ടത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റുകൾ നിരവധി ധീരമായ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ വിപ്ലവകരമായ രാഷ്ട്രീയ നേതൃത്വം സ്ഥാപിക്കുന്നതിൽ പരാജയപ്പെടാനും ഇത് കാരണമായിട്ടുണ്ട്.
ഇവയെല്ലാം ആവശ്യപ്പെടുന്നത് ചരിത്രപരമായ വീക്ഷണകോണിൽ നിന്നുള്ള വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലിനെയാണ് എന്നതിനാൽ, അതാണ് ഈ പുസ്തകത്തിന്റെ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.
ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം, തുടക്കത്തിൽ പറഞ്ഞതുപോലെ, പാർട്ടിയുടെ മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ സംയുക്ത സംഭാവനയാണ്. പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ, ജാതിയെയും അംബേദ്കറെയും കുറിച്ചുള്ള പാർട്ടി അംഗങ്ങളുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളും അഭിപ്രായങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ, “ജാതി വ്യവസ്ഥ, അംബേദ്കറൈറ്റ് പ്രസ്ഥാനം, കമ്മ്യൂണിസ്റ്റുകളുടെ ചുമതല” എന്ന 2019-ലെ പാർട്ടി സ്കൂൾ പ്രബന്ധം ഉൾപ്പെടുന്നു. അത് പിന്നീട് 2021 മാർച്ച് ലക്കത്തിൽ CPI (ML) റെഡ് സ്റ്റാറിന്റെസൈദ്ധാന്തിക ജേണലായ മാർക്സിസ്റ്റ് -ലെനിനിസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് നാല് “അഭിപ്രായങ്ങൾ”, ജാതിയോടുള്ള CPI (ML) റെഡ് സ്റ്റാറിന്റെ വസ്തുനിഷ്ഠവും വൈരുദ്ധ്യാത്മകവുമായ സമീപനത്തിൽ അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസമുള്ളതിനാൽ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്തുപോയ ആലിക് എഴുതിയ രേഖയിൽ അടങ്ങിയിരുന്ന ജാതിയോടും അംബേദ്കറോടുമുള്ള യാന്ത്രികവും ലഘൂകരണപരവുമായ സമീപനത്തെക്കുറിച്ചുള്ള പിബി അംഗങ്ങളുടെ വിമർശനങ്ങളാണ്. ശങ്കർ ഈ വിഷയത്തിൽ അടുത്ത കാലത്ത് എഴുതിയ ഒരു പ്രബന്ധമാണ് ഒടുവിൽ കൊടുത്തിട്ടുള്ളത്. അംബേദ്കറോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഈ സമയബന്ധിതവും സംക്ഷിപ്തവുമായ പഠനം നല്ല പ്രതികരണം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതു പോലെ തന്നെ, ജാതി വ്യവസ്ഥയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഹിന്ദുത്വ ഫാസിസത്തിന്റെയും കോർപ്പറേറ്റ്-ധന മൂലധനത്തിന്റെയും പിടിയിൽ നിന്ന് തൊഴിലാളിവർഗ്ഗത്തിന്റെയും ഇന്ത്യയിലെ എല്ലാ അടിച്ചമർത്തപ്പെട്ടവരുടെയും ജനാധിപത്യവൽക്കരണത്തിനും വിമോചനത്തിനും ഇത് വിലപ്പെട്ട സംഭാവന നൽകുമെന്നും CPI (ML) റെഡ് സ്റ്റാർ പ്രതീക്ഷിക്കുന്നു.
പി.ജെ. ജയിംസ്
(Red star Publication പ്രസിദ്ധീകരിച്ച ‘ഡോ. ബി.ആർ. അംബേദ്കർ: ഒരു വിപ്ലവ കമ്യൂണിസ്റ്റ് വീക്ഷണം’ എന്ന പുസ്തകത്തിന് ജനറൽ സെക്രട്ടറി പി.ജെ. ജയിംസ് എഴുതിയ അവതാരിക.
ഇംഗ്ലീഷിലുള്ള പുസ്തകം ആവശ്യമുള്ളവർ 9447809149 എന്ന നമ്പരിൽ ബന്ധപ്പെടുക)