കോഴിക്കോട്: ഗാന്ധിജിയെ മനസാ വാചാ കര്‍മണ ജീവിതത്തിലുടനീളം തന്റെ വഴി കാട്ടിയായി കണ്ട വ്യക്തിത്വമായിരുന്നു നമ്മോട് വിടപറഞ്ഞ സ്വാതന്ത്ര്യസമര സേനാനി ഏ. ഗോപാലന്‍ കുട്ടി മേനോന്‍. ഒരു പ്രാവശ്യം നേരിട്ട് കണ്ടതോടെയാണ് ഈ നിലക്ക് പൂര്‍ണാര്‍ഥത്തില്‍ അദ്ദേഹം ഗാന്ധി യിലര്‍പ്പിതനാകുന്നത്.
ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണു 1934 ല്‍ മഹാത്മാ ഗാന്ധി കോഴിക്കോട്ടെത്തിയത്. കൊയിലാണ്ടി ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ ഉച്ചയ്ക്കായിരുന്നു വമ്പിച്ച സ്വീകരണം. അത് കഴിഞ്ഞ് തിക്കോടിയിലും പിറ്റെ ദിവസം പയ്യന്നൂരിലുമാണു ഗാന്ധിജിക്ക് പരിപാടി നിശ്ചയിച്ചിരുന്നത്. ആ ഭാഗത്തേയ്ക്ക് പിന്നെ തീവണ്ടിയുള്ളത് വൈകിട്ടാണു അത് വരെ പന്തലായിനി റെയില്‍വെ സ്‌റ്റേഷന്‍ (ഇന്നത്തെ കൊയിലാണ്ടി റെയില്‍വെസ്‌റ്റേഷന്‍ ) രണ്ടാം ക്ലാസ് വിശ്രമമുറിയിലായിരുന്നു ഗാന്ധിജിക്ക് സൗകര്യമൊരുക്കിയത്. എ. ഗോപാലന്‍കുട്ടി മേനോന്റെ നേതൃത്വത്തിലുള്ള മുന്നു വിദ്യാര്‍ത്ഥികളെയാണു ഗാന്ധിജിയുടെ ശുശ്രൂഷയ്ക്ക് വേണ്ടി കെ കേളപ്പന്റെ നേതൃത്വത്തിലുളള സംഘാടകര്‍ ചുമതലപ്പെടുത്തിയിരുന്നത്. ഗാന്ധിജിയോടൊപ്പം കഴിയാന്‍ മേനോനു അസുലഭമായ ഭാഗ്യം ഉണ്ടായി. ഗാന്ധിജിയുടെ കൈകാലുകള്‍ ഉഴിഞ്ഞു കൊടുത്തും പച്ചോല കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശിയും ഗാന്ധിജിയെ പരിചരിച്ചു. സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനുമാണ് ഇവരെ അനുഗ്രഹിച്ചു കൊണ്ട് ഗാന്ധിജി ഉപദേശിച്ചത്. ആ സംഭവം മേനോന്റെ ജീവിതത്തിലെ നിര്‍ണ്ണായമായ വഴിത്തിരിവായി. ഗാന്ധിജിയുടെ എളിയ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്തിയ മേനോന്‍ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റായി സത്യസന്ധനായി ജീവിച്ചു.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച മേനോന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പന്തലായിനി (ഇന്നത്തെ കൊയിലാണ്ടി) പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുമ്പോള്‍ മേനോന്‍ ദേശാഭിമാനി പത്രത്തിന്റെ മാനേജറായിരുന്നു. പൊതുപ്രവര്‍ത്തനത്തിനിടയില്‍ പലപ്പോഴും ഭീകര മര്‍ദനത്തിനു വിധേയമായി. ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നു. ആരോടും ഒരു പരാതിയും പരിഭവവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. മേനോന്റെ ത്യാഗ പൂര്‍ണ്ണമായ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
കുട്ടിക്കാലത്ത് തന്നെ ദേശീയ ബോധം മനസ്സില്‍ അലയടിച്ചുയര്‍ന്നിരുന്നു മേനോന് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങിയ ദേശസ്‌നേഹപരമായ പൊതുപ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലത്ത് തന്നെ മേനോന്‍ പങ്കെടുത്തു. കറ കളഞ്ഞ മനുഷ്യ സ്‌നേഹി , സത്യസന്ധതയുടെ ആള്‍രൂപം, ലളിതമായ ജീവിത ശൈലി, ആരിലും മതിപ്പുളവാക്കുന്ന വിനയ മധുരമായ പെരുമാറ്റം അധികാര പദവികളിലും സ്ഥാനമാനങ്ങളിലും അശേഷം താല്‍പ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതം ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് എല്ലാ അര്‍ത്ഥത്തിലും ശീല ശുദ്ധിയുള്ള കുലീനനായ പൊതുപ്രവര്‍ത്തകനായിരുന്നു മേനോന്‍. ആരോഗ്യം അനുവദിച്ച കാലമത്രയും പൊതു സേവനങ്ങള്‍ക്ക് ഉഴിഞ്ഞു വെച്ച ത്യാഗ നിര്‍ഭരമായ ജീവിതമായിരുന്നു. അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരത എപ്പോഴും പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു ഏ ഗോപാലന്‍ കുട്ടി മേനോന്‍.