കാറപടകത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

News

കല്പറ്റ: ഞായറാഴ്ച വൈകിട്ട് കാറപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ അവസാന വര്‍ഷ ബി സി എ വിദ്യാര്‍ത്ഥി കണ്ണൂര്‍ കച്ചേരിക്കടവ് പാലത്തുകടവ് ചെന്‍മേലില്‍ വീട്ടില്‍ അഡോണ്‍ ബെസ്റ്റി (20), ഇതേ കോളെജിലെ തന്നെ അവസാന വര്‍ഷ ബി കോം വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ കല്ലറക്കല്‍ വീട്ടില്‍ ജിസ്‌ന മേരി ജോസഫ് (20), കാസര്‍കോട് മങ്കയം വെള്ളരിക്കുണ്ട് സ്വദേശി സ്‌നേഹ ജോസഫ് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഞായറാഴ്ച രാത്രിയോടെ കല്പറ്റ പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം വെച്ചാണ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞത്. മരിച്ച അഡോണിന്റെ ഇളയ സഹോദരി ഡിഡോണ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരിച്ച സ്‌നേഹയുടെ ഇളയ സഹോദരി സോന ജോസഫ്(16), മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഇരട്ടി പൂളക്കുറ്റി വെള്ളക്കടവ് സ്വദേശിയുമായ സാന്‍ജോ ജോസ് അഗസ്റ്റിന്‍(19) എന്നിവര്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.