കോഴിക്കോട്: അന്താരാഷ്ട്ര മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും ആ മേഖലകളില്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. കേരളത്തിലെ ജനങ്ങളുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റമാണ് സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവിന് കാരണം. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നിരവധി ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കയാക്കിങ്ങിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. വയനാട് എം.പി, എം.എല്‍.എ മാരായ പി.ടി.എ റഹീം, എം.കെ മുനീര്‍, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍ കെ.എം, ടൂറിസം ആന്റ് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് എന്നിവര്‍ രക്ഷാധികാരികളും ചെയര്‍പേഴ്‌സണ്‍ ജില്ലാ കലക്ടര്‍ എ ഗീതയുമാണ്.
കയാക്കിങ് ഫെസ്റ്റിനുള്ള സബ് കമ്മിറ്റികളുടെ രൂപീകരണ യോഗം ലിന്റോ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മെയ് മൂന്നാം തിയ്യതി വൈകീട്ട് മൂന്ന് മണിക്ക് കോടഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ ചേരും. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകള്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.