ശംസുദ്ദീന്‍ പാലക്കോട്
വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
മനസ്സില്‍ മായാതെ കിടക്കുന്ന ഒരു സ്വാനുഭവം കുറിക്കട്ടെ:
രംഗം കണ്ണൂര്‍ യൂനിവേഴ്സിറ്റി പേപ്പര്‍ വാല്യൂഷന് നടക്കുന്ന വിശാലമായ ഹാള്‍.
ഒരു നോമ്പുകാലമായിരുന്നു അത്.
ഞാന്‍ A/U ഡിഗ്രി പരീക്ഷാ വാല്യൂഷന് വിഭാഗം ചെയര്മാനായതിനാല് രാവിലെ ഒമ്പതരക്ക് തന്നെ യൂനി.സിറ്റിയിലെത്തി.
ഇന്‍വിജിലേറ്റര്‍മാര്‍ കുറച്ച് പേര് വന്നിട്ടുണ്ട്. അവരുമായി Paper distribution കാര്യം ചര്‍ച്ച ചെയ്യുകയാണ്. ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ചാര്‍ജുള്ള ക്ലാര്‍ക്ക് അപ്പോഴേക്കും എത്തിച്ചേര്‍ന്നു. അവര്‍ ഒരു ലേഡിയായിരുന്നു. നോമ്പു നോല്ക്കേണ്ടതില്ലാത്ത മറ്റൊരു മത വിഭാഗക്കാരിയായിരുന്നു. അവര്‍ ഞങ്ങളെ സഹായിക്കുന്ന ഡ്യൂട്ടിയില്‍ മുഴുകിയിരിക്കെ ഹാന്‍ ബാഗ് തുറന്ന് വാട്ടര്‍ ബോട്ടിലെടുത്ത് ഒരു കവിള് വെളളം അവര്‍ കുടിച്ചു. അതെ, ഒരു കവിള് മാത്രം, ഉടനെ എന്തോ അപരാധം താന്‍ ചെയ്തുവെന്ന മട്ടില്‍ വെളളം കുടി നിര്‍ത്തി വാട്ടര്‍ ബോട്ടില്‍ ബാഗില്‍ വെച്ച് എന്റെ നേരെ നോക്കി സോറി സാര്‍ എന്ന് പറഞ്ഞു. എന്തിനാണവര്‍ എന്നോട് സോറി പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് അവര്‍ ഇത്ര കൂടി പറഞ്ഞു: ‘സാറിന് നോമ്പല്ലേ. നോമ്പുള്ള സാറിന്റെ മുമ്പില്‍ വെച്ച് ഞാന്‍ അറിയാതെ വെളളം കുടിച്ചു പോയി. സോറി സാര്‍!..’
ഇതാണ് കേരളം..
ഇതാണ് മാനവികത..
ഇതാണ് യഥാര്‍ഥ മത വിശ്വാസിയുടെ പരമത ബഹുമാനത്തിന്റെ ഉദാഹരണം.
മതത്തെ പക്ഷെ വിദ്വേഷ പ്രചരണത്തിന്റെയും ഫാസിസത്തിന്റെയും പാലമാക്കുന്നവര്ക്ക് ഇപ്പറഞ്ഞതൊന്നും മനസ്സിലാവുകയില്ല..!!
ഗുണപാഠം:
പ്രവാചകന് മുഹമ്മദ് (സ) ഇസ്ലാമിക സമൂഹത്തിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന മദീനയിലേക്ക് മറ്റൊരു രാജ്യത്ത് നിന്ന് ഒരു ക്രിസ്ത്യന്‍ ദൗത്യ സംഘം വന്നു. അവര്‍ക്ക് നബി താമസ സൗകര്യമൊരുക്കിക്കൊടുത്തത് മദീനത്തെ പള്ളിയില്‍. ഞായറാഴ്ചയായപ്പോള്‍ അവര്‍ക്ക് ഞായറാഴ്ച പ്രാര്‍ഥന നടത്തണമെന്ന് നബി മനസ്സിലാക്കി. അവര്‍ക്കത് നബിയോട് പറയാന്‍ മടിയുണ്ടെന്നും നബിക്ക് മനസ്സിലായി. നബി അവരോട് പറഞ്ഞു: നിങ്ങള്‍ ഇവിടെ വെച്ച് തന്നെ നിങ്ങളുടെ ആരാധന നിര്‍വഹിച്ചു കൊള്ളൂ. അവര്‍ അപ്രകാരം ചെയ്തു.
ഇതാണ് മതം.
ഇതാണ് മതത്തിന്റെ മാനവികത.
ഇതാണ് മതത്തിന്റെ പരമത ബഹുമാന മാതൃക.