ചിന്ത / എ പ്രതാപന്‍
ഹിംസ ഒരു isolated incident, ഒറ്റപ്പെട്ട സംഭവം അല്ല, ഹിംസക്ക് വിധേയമാവുന്ന ആള്‍ക്ക്. അത് ഒരു വലിയ തുടര്‍ പ്രക്രിയയുടെ തുടക്കം മാത്രം. അതവരുടെ ശരീരത്തിലും മനസ്സിലും ഏല്‍പിക്കുന്ന മുറിവുകള്‍ മാത്രമല്ല, തന്റെ അനുഭവത്തെ ആവിഷ്‌ക്കരിക്കാനുള്ള ഭാഷ പോലും അവര്‍ക്ക് അന്യമാകുന്നു. അവര്‍ പറയുന്നത് ലോകത്തിന് മനസ്സിലാകണം എന്നില്ല, ലോകം വിശ്വസിക്കണം എന്നില്ല. അവരുടെ വാക്കുകള്‍ ലോകം മറുഭാഷ പോലെ കേട്ട്, തങ്ങളുടെ മുന്‍ വിധികളിലേക്കും, നിയമങ്ങളിലേക്കും, സിദ്ധാന്തങ്ങളിലേക്കും, മിക്കപ്പോഴും തങ്ങളുടെ മൗനങ്ങളിലേക്കും വിവര്‍ത്തനം ചെയ്യുകയാണ്. അതിനൊക്കെ ശേഷം അവര്‍ പറഞ്ഞതില്‍ മിക്കവാറും ഒന്നും ബാക്കിയുണ്ടാകില്ല.
നമ്മള്‍ സദാചാര പോലീസിങ്ങ്, രാഷ്ട്രീയ പോലീസിങ്ങ് എന്നൊക്കെ പറയും പോലെ ഇപ്പോള്‍ ശക്തമായി വരുന്ന ഒന്നാണ് സിദ്ധാന്ത പോലീസിങ്ങ്. പരമ്പരാഗത കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സിദ്ധാന്ത പോലീസിങ്ങിന് വലിയ ഇടമില്ല. ലൈംഗിക കുറ്റകൃത്യങ്ങള്‍ പോലുള്ള , താരതമ്യേന പുതുതായി നിര്‍വ്വചിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ കാര്യത്തിലാണ് സിദ്ധാന്ത പോലീസിങ്ങ് സജീവമായി ഇടപെടുന്നത്.
ഇന്ന് കേരളത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാവുന്നവര്‍, സദാചാര പോലീസിന്റെയും , പാര്‍ട്ടി പോലീസിന്റെയും വിചാരണ മാത്രമല്ല, സിദ്ധാന്ത പോലീസിന്റെയും വിചാരണകള്‍ നേരിടണം, സാധാരണ പോലീസിന് പുറമെ, രാജ്യത്തെ നിയമ വ്യവസ്ഥക്ക് മുന്നില്‍ എത്താന്‍ . ഇതൊക്കെ കഴിയുമ്പോള്‍ അവരുടെ അനുഭവങ്ങളെ കുറ്റകൃത്യം എന്ന ആഖ്യാനത്തിലേക്ക് നയിക്കുന്ന എല്ലാം മിക്കവാറും തീര്‍ന്നു പോയിട്ടുണ്ടാകും.
സദാചാര കോടതികളും പാര്‍ട്ടി കോടതികളുമൊക്കെ പലപ്പോഴും വിമര്‍ശന വിധേയമാവാറുണ്ട്. പക്ഷെ നമ്മുടെ സിദ്ധാന്ത കോടതികള്‍ താരതമ്യേന വിമര്‍ശനാതീതമായി നില്‍ക്കുന്നു. അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ചൊക്കെ നമുക്ക് അറിയാമെങ്കിലും, ഈ സിദ്ധാന്തികളും അധികാര കേന്ദ്രങ്ങളാണെന്ന് നമ്മള്‍ ഓര്‍ക്കാതെ പോകുന്നു.
ഹിംസക്ക് എതിരാണ് വിമോചന സിദ്ധാന്തങ്ങള്‍ എന്നാണ് സങ്കല്‍പം. പക്ഷേ ഈ കാലത്തെ പല വിമോചന സിദ്ധാന്തികളുടെയും ഭാഷയിലെ ഹിംസ കാണുമ്പോള്‍ അതൊക്കെ വെറും പൊയ് വിശ്വാസം എന്നും തോന്നുന്നു.