ക്രൈസ്തവ സന്യാസത്തെ തേജോവധം ചെയ്യുന്നവര്‍ സേവന ശുശ്രൂഷകളുടെ ചരിത്രം മറക്കരുത്: അഡ്വ. വി സി സെബാസ്റ്റ്യന്‍

Eranakulam

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊച്ചി: ക്രൈസ്തവ സന്യാസത്തെ ബോധപൂര്‍വ്വം നിരന്തരം തേജോവധം ചെയ്യുന്നവര്‍ ഇവരുടെ സേവനങ്ങളുടെ ഗുണഫലം കാലങ്ങളായി അനുഭവിച്ചവരും ഇന്നും അനുഭവിക്കുന്നവരുമാണെന്നുള്ള സത്യം മറക്കരുതെന്നും, മതസ്പര്‍ദ്ധ സൃഷ്ടിച്ച് കേരളസമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത് അപലനീയമാണെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്ട്രട്ടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അനാഥരും, അശരണരും, മാനസിക രോഗികളും, വൃദ്ധരുമായവരേയും, സമൂഹവും കുടുംബങ്ങളും പുറന്തള്ളി ജീവിത ദുരിതത്തിലായവരേയും സംരക്ഷിക്കുന്ന സന്യാസിനിമാരെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്‌കാരസ്വാന്ത്ര്യമെന്ന് ന്യായീകരിക്കുന്നവര്‍ ആഗോളഭീകരവാദത്തിന്റെ ഉടവിടങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആവിഷ്‌കാരങ്ങള്‍ വര്‍ഗ്ഗീയവാദവും മതവിദ്വേഷവും വളര്‍ത്തുമെന്ന് യാതൊരു ലജ്ജയുമില്ലാതെ വാദിക്കുന്നത് വിരോധാഭാസമാണ്.

2021 സെപ്തംബര്‍ 22ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2018 മുതല്‍ ചില വിഭാഗങ്ങള്‍ക്കിടയില്‍ ഡീറാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍വേണ്ടി പണം ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട കേരളത്തിലെ ചില കണക്കുകളും പുറത്തിറക്കി. കേരളത്തിലെ ഭീകരവാദ സ്ലീപ്പിംഗ് സെല്ലുകളെക്കുറിച്ച് മുന്‍ ഡിജിപി നടത്തിയ വെളിപ്പെടുത്തലുകളും 2020 ജൂലൈയില്‍ യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളും രേഖകളായി നിലനില്‍ക്കുമ്പോള്‍ ഇതെല്ലാം മറന്ന് ഭീകരവാദത്തെ പുല്‍കാന്‍ മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ആവേശം കാണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

ക്രൈസ്തവരെ ആക്ഷേപിച്ച് ഭീകരവാദത്തെ താലോലിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ അടവുനയം സാക്ഷരകേരളത്തില്‍ വിലപ്പോവില്ലെന്നും സമുദായ ധ്രുവീകരണത്തിലൂടെ സമൂഹത്തില്‍ ഭിന്നതസൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആരെയും അനുവദിക്കരുതെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.