സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ബഹറിന്‍ കേരളീയ സമാജത്തിന്‍റെ പ്രഥമ ‘വിശ്വ കലാരത്‌ന പുരസ്‌കാരം’.

Thiruvananthapuram

തിരുവനന്തപുരം: ബഹറിന്‍ കേരളീയ സമാജത്തിന്റെ പ്രഥമ ‘വിശ്വ കലാരത്‌ന പുരസ്‌കാരം’ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ പ്രശസ്ത വാസ്തു ശില്പിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പത്മശ്രീ ജി.ശങ്കര്‍, കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് സൂര്യ കൃഷ്ണമൂര്‍ത്തിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിശ്വ കലാരത്‌ന പുരസ്‌കാരം.

മെയ് 5 വെള്ളിയാഴ്ച ബഹറിന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡോ ബഹറിന്‍ ഫെസ്റ്റിവലില്‍ വച്ച് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പുരസ്‌കാരം സമര്‍പ്പണം നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥികളായി ബഹറിന്‍ കള്‍ച്ചറല്‍ അതോറിറ്റി പ്രസിഡന്റ് ഹിസ് ഹൈനസ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ , ഇന്ത്യന്‍ സ്ഥാനപതി ഹിസ് ഹൈനസ് പിയൂഷ് ശ്രീവാസ്തവ എന്നിവരും കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ തുടങ്ങിയവരും പങ്കെടുക്കും. പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തവും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.

‘തികച്ചും വൈവിധ്യപൂര്‍ണ്ണമായ അനവധി കലകളെ ഏക ഹാരത്തില്‍ കോര്‍ത്തു കൊണ്ട് സൂര്യ കൃഷ്ണമൂര്‍ത്തി സൃഷ്ടിക്കുന്ന സമഞ്ജസ സമ്മേളന പ്രപഞ്ചം ആരെയും അതിശയിപ്പിക്കുന്നതാണ്. 1977 ആരംഭിച്ച അദ്ദേഹത്തിന്റെ കലാസപര്യ 40ലേറെ രാജ്യങ്ങളിലൂടെ 111ലേറെ ചാപ്റ്ററുകളിലായി അനുസ്യൂതം തുടരുകയാണ്. ഭാരതീയ കലകളുടെ സംരക്ഷണത്തിനും പ്രചരണത്തിനും അദ്ദേഹം നല്‍കുന്ന സമഗ്ര സംഭാവനകള്‍ക്കുള്ള ആദരസൂചകമായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരതത്തിന്റെ തനതായ കലാസങ്കേതങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ സൂര്യ കൃഷ്ണമൂര്‍ത്തി വഹിക്കുന്ന പങ്ക് ശ്ലാഘനീയവും അനിതര സാധാരണവും ആണ്. ഭാവനാസമ്പന്നവും സാമ്പ്രദായികവുമായ ഭാരതീയ കലാരൂപങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പുനരുജ്ജീവനം എടുത്തു പറയേണ്ടതാണ്. ക്ലാസില്‍ ഡാന്‍സ്, ക്ലാസിക്കല്‍ മ്യൂസിക്, നാടകം, ഫോട്ടോഗ്രാഫി, ചിത്രകല, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍, തിയേറ്റര്‍ ഓഫ് ഫ്രീഡം തുടങ്ങി അദ്ദേഹത്തിന്റെ പ്രതിഭയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത മണ്ഡലങ്ങള്‍ കലാരംഗത്ത് തീരെ വിരളമാണ് ‘.

അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍, അവാര്‍ഡ് കമ്മിറ്റിയംഗം പത്മശ്രീ ജി.ശങ്കര്‍ എന്നിവരോടൊപ്പം കേരളീയ സമാജം പ്രതിനിധികളായ ബിജു അഞ്ചല്‍, മോഹന്‍ രാജ് പി.എന്‍.ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.